അക്ഷയ് കുമാര്‍ ചിത്രത്തിന്‍റെ ഇരട്ടി! ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ്; ഞെട്ടിച്ച് 'ഛാവ'
ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം

കാണികളെ തിയറ്ററുകളില്‍ എത്തിക്കാന്‍ എല്ലാ ഭാഷാ സിനിമകളും ഇന്ന് പ്രയാസപ്പെടുന്നുണ്ട്. വലിയ അഭിപ്രായം നേടിയാല്‍ മാത്രം പ്രേക്ഷകര്‍ കൂട്ടത്തോടെ തിയറ്ററുകളില്‍ എത്തുകയും അല്ലാത്തപക്ഷം ആരും വരാതിരിക്കുന്നതുമാണ് നിലവിലെ ട്രെന്‍ഡ്. അതിനാല്‍ത്തന്നെ മികച്ച ഓപണിംഗ് നേടുന്ന ചിത്രത്തെ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കാര്യമായി ശ്രദ്ധിക്കാറുമുണ്ട്. ഇപ്പോഴിതാ നേടിയ ഓപണിംഗിന്‍റെ വലിപ്പം കൊണ്ട് വാര്‍ത്തയാവുകയാണ് ഒരു ബോളിവുഡ് ചിത്രം. ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവ എന്ന ചിത്രമാണ് അത്.
മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന സിനിമയാണ് ഇത്. ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സംഭാജി മഹാരാജ് എത്തുന്നത് വിക്കി കൗശല്‍ ആണ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ അക്ഷയ് ഖന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാലന്‍റൈന്‍സ് ഡേ ആയ ഇന്നലെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തി എന്ന് മാത്രമല്ല, ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ചിത്രം സ്വന്തമാക്കിയത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ആദ്യ ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 33.1 കോടിയാണ്. നെറ്റ് കളക്ഷനാണ് ഇത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 50 കോടി ഗ്രോസ് നേടിയിട്ടുണ്ടെന്നും നിര്‍മ്മാതാക്കളായ മഡ്ഡോക്ക് ഫിലിംസ് അറിയിച്ചിട്ടുണ്ട്. അക്ഷയ് കുമാറിന്‍റെ സ്കൈ ഫോഴ്സിനെ പിന്തള്ളിയാണ് ഛാവ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 15.3 കോടി ആയിരുന്നു സ്കൈ ഫോഴ്സിന്‍റെ ഇന്ത്യന്‍ ഓപണിംഗ്. വിക്കി കൗശലിന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗുമാണ് ഈ ചിത്രം. ബാഡ് ന്യൂസ് ആയിരുന്നു വിക്കിയുടെ ഇതിന് മുന്‍പുള്ള ഏറ്റവും മികച്ച ഓപണിംഗ്. 8 കോടി ആയിരുന്നു ആദ്യ ദിനം ചിത്രം നേടിയത്. അതേസമയം ഓപണിംഗ് ഇത്രയും വന്നതോടെ ചിത്രം നേടുന്ന വാരാന്ത്യ കളക്ഷന്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.
ALSO READ : വീഡിയോയ്ക്ക് താഴെ അധിക്ഷേപ പരാമര്‍ശം; മറുപടിയുമായി സുമ ജയറാം
