
മുംബൈ: സൽമാൻ ഖാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിക്കന്ദര്‍ ബോക്സ് ഓഫീസില്‍ വന്‍ പരാജയമാണ്. എന്നാല്‍ വലിയൊരു വിജയവുമായി ബിഗ് സ്‌ക്രീനിലേക്കുള്ള വന്‍ തിരിച്ചുവരവ് ആസൂത്രണം ചെയ്യുകയാണ് താരം എന്നാണ് പുതിയ വിവരം. അതിനായി നിരവധി സ്‌ക്രിപ്റ്റുകൾ സൽമാന്‍ കേള്‍ക്കുകയാണ് എന്നാണ് വിവരം.
ബജ്രംഗി ഭായ്ജാൻ താരം ഒടുവിൽ തന്റെ ഒരു വലിയ പ്രോജക്റ്റിൽ ഉറപ്പിച്ചുവെന്നാണ് പിങ്ക്വില്ലയുടെ എക്സ്ക്യൂസീവ് റിപ്പോര്‍ട്ട് പറയുന്നത്. സല്‍മാന്‍ ഒടുവിൽ തന്റെ അടുത്ത വലിയ പ്രോജക്റ്റിൽ 2020 ലെ ഗാൽവാൻ വാലി ഏറ്റുമുട്ടലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു യുദ്ധ ചിത്രം ചെയ്യാന്‍ തയ്യാറെടുക്കുന്നു എന്നാണ് വിവരം. സിക്കന്ദറിന് ശേഷം പുതിയ പ്രൊജക്ടുകള്‍ ഒന്നും ഇതുവരെ താരം സൈന്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.
ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്‌വാല, മിഷൻ ഇസ്താംബുൾ, രാം ചരണിന്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ സഞ്ജീർ തുടങ്ങിയ ആക്ഷൻ ചിത്രങ്ങൾക്ക് പേരുകേട്ട സംവിധായകൻ അപൂർവ ലഖിയ ഈ ചിത്രം സംവിധാനം ചെയ്യും എന്നാണ് വിവരം. സംവിധായകന്‍റെ സ്ക്രിപ്റ്റ് സല്‍മാന് ഇഷ്ടപ്പെട്ടുവെന്നാണ് വിവരം.
2020 ജൂണിൽ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചൈനീസ് സൈനികർ തമ്മിൽ നടന്ന മാരകമായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള തിരക്കഥയിൽ സൽമാൻ അതീവ താല്പര്യത്തിലാണ് എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇന്ത്യ-ചൈന സംഘർഷത്തിന് വഴിവച്ച സംഭവത്തില്‍ 20 ഇന്ത്യൻ സൈനികരെങ്കിലും കൊല്ലപ്പെട്ടു. 45 ഓളം ചൈനീസ് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും ബീജിംഗ് ഔദ്യോഗികമായി ഈ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. 45 വർഷത്തിനിടെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) നടന്ന ആദ്യത്തെ വെടിവയ്പ്പായിരുന്നു ഇത്. അതിനാല്‍ തന്നെ വലിയ നയതന്ത്ര സൈനിക പിരിമുറുക്കം ഈ സംഭവം ഉണ്ടാക്കിയിരുന്നു.
അലി അബ്ബാസ് സഫർ (സുൽത്താൻ, ടൈഗർ സിന്ദാ ഹേ, ഭാരത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകന്‍), കബീർ ഖാൻ (ബജ്രംഗി ഭായ്ജാൻ), പഠാന്‍ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് തുടങ്ങിയ സംവിധായകരുമായി സൽമാൻ ഖാൻ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ അപൂർവ ലഖിയ ചിത്രം നടന്നേക്കും എന്നാണ് വിവരം.
സൽമാന്റെ അനുമതി ലഭിച്ചാൽ ലഖിയ ഉടൻ തന്നെ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ച് ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സൽമാൻ ഖാൻ ഫിലിംസിന്റെ (എസ്‌കെഎഫ്) ഹോം ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ആധികാരികതയ്ക്കായി ലഡാക്കിൽ ചിത്രം ചിത്രീകരിക്കാനാണ് പദ്ധതിയെന്നാണ് വിവരം. പ്രൊഡക്ഷന്‍ ബാനര്‍, കാസ്റ്റിംഗ് തുടങ്ങിയ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.