വീണ്ടും വരുമോ 'ചന്ദ്രചൂഡന്‍'? സുരേഷ് ​ഗോപി ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗത്തെക്കുറിച്ച് വിജി തമ്പി

By Web TeamFirst Published Sep 10, 2022, 10:11 AM IST
Highlights

സുരേഷ് ഗോപി നായകനായ ആക്ഷന്‍ ത്രില്ലര്‍ പുറത്തെത്തിയത് 2000 ല്‍

സുരേഷ് ​ഗോപിയുടെ നിരവധി പൊലീസ് വേഷങ്ങള്‍ പല കാലങ്ങളിലായി പ്രേക്ഷകരുടെ കൈയടി നേടിയിട്ടുണ്ട്. അതിലൊന്നായിരുന്നു വിജി തമ്പിയുടെ സംവിധാനത്തില്‍ 2000 ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ. സി ഐ ചന്ദ്രചൂഡന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ​ഗോപി അവതരിപ്പിച്ചത്. സാമ്പത്തിക വിജയം നേടിയ ചിത്രവുമായിരുന്നു ഇത്. നീണ്ട 22 വര്‍ഷങ്ങള്‍ക്കു ശേഷം സത്യമേവ ജയതേയുടെ ഒരു രണ്ടാം ഭാ​ഗം വന്നാലോ? അതിന്റെ സൂചന നല്കിയിരിക്കുകയാണ് സംവിധായകന്‍ വിജി തമ്പി.

ചിത്രത്തിന്‍റെ സീക്വലിനാണ് ഒരുപാട് പേര്‍ അഭ്യര്‍ഥിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ചന്ദ്രചൂഡന്റെ രണ്ടാം വരവിനായി ഒരുപാട് പേർ അഭ്യർത്ഥിക്കുന്നു. പ്രേക്ഷക പ്രതികരണം അറിഞ്ഞ ശേഷം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ ചൂടൻ പോലീസുമായി മുന്നോട്ട് പോകാം എന്ന് വിചാരിക്കുന്നു. സ്നേഹാശംസകളോടെ വിജിതമ്പി, സത്യമേവ ജയതേയുടെ പോസ്റ്ററിനൊപ്പം വിജി തമ്പി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അലക്സ് കടവില്‍ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സിദ്ദിഖ്, ഐശ്വര്യ, ഹേമന്ദ് രാവണ്‍, ബാലചന്ദ്ര മേനോന്‍, രാജന്‍ പി ദേവ്, മണിയന്‍പിള്ള രാജു, എന്‍ എഫ് വര്‍​ഗീസ്, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, ദേവന്‍, സ്ഫടികം ജോര്‍ജ്, സാദ്ദിഖ്, ബാബുരാജ്, കുഞ്ചന്‍, നന്ദു, കൃഷ്ണകുമാര്‍, ജ​ഗന്നാഥ വര്‍മ്മ, കൊല്ലം തുളസി, ഭീമന്‍ രഘു തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമായിരുന്നു സത്യമേവ ജയതേ. എവര്‍ഷൈന്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാ​ഗ്രാഹണം രണ്ടുപേര്‍ ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്. സഞ്ജീവ് ശങ്കറും സാലു ജോര്‍ജും.

ALSO READ : ബോക്സ് ഓഫീസില്‍ രക്ഷപെടുമോ 'ബ്രഹ്‍മാസ്ത്ര'? റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് നേടിയത്

കരിയറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വിജി തമ്പി. നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, ന​ഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, സൂര്യമാനസം, സിംഹവാലന്‍ മേനോന്‍, അവിട്ടം തിരുനാള്‍ ആരോ​ഗ്യശ്രീമാന്‍, നമ്മള്‍ തമ്മില്‍ എന്നിങ്ങനെ വ്യത്യസ്ത ജോണറുകളില്‍ പെട്ട ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അദ്ദേഹം. ദിലീപ് നായകനായ നാടോടിമന്നനാണ് വിജി തമ്പിയുടെ അവസാന ചിത്രം. 2013ലായിരുന്നു ഇതിന്‍റെ റിലീസ്.

click me!