പത്മഭൂഷൺ പുരസ്‌കാര നേട്ടത്തിന് ശേഷം 'പദയാത്ര' എന്ന ചിത്രത്തിന്‍റെ സെറ്റിലെത്തിയ മമ്മൂട്ടിയെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആദരിച്ചു
32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനൊപ്പം ഒന്നിക്കുന്ന പദയാത്ര എന്ന ചിത്രത്തിന്റെ സെറ്റിൽ പത്മഭൂഷൺ മമ്മൂട്ടിക്ക് സ്നേഹാദരം. പുരസ്‌കാര നേട്ടത്തിന് ശേഷം സെറ്റിലെത്തിയ മമ്മൂട്ടിക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. ശേഷം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും ചേർന്ന് കേക്ക് മുറിച്ചാണ് ഈ സന്തോഷം പങ്കുവെച്ചത്. മമ്മൂട്ടിക്ക് പുറമെ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്ന നടി ഗ്രേസ് ആന്റണി, നടൻ ഇന്ദ്രൻസ് എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ് മമ്മൂട്ടി.
‘പദയാത്ര’ പുരോഗമിക്കുന്നു
മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുക്കുന്ന പദയാത്രയുടെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണൻ, കെ വി മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക. അനന്തരം, മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി - അടൂർ ഗോപാലകൃഷ്ണൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അടൂർ ഒരുക്കിയ മതിലുകൾ, വിധേയൻ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള 2 ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഛായാഗ്രഹണം - ഷെഹനാദ് ജലാൽ, സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ, മുഖ്യ സംവിധാന സഹായി - മീരസാഹിബ്, നിർമ്മാണ സഹകരണം - ജോർജ് സെബാസ്റ്റ്യൻ, കലാസംവിധാനം - ഷാജി നടുവിൽ, നിർമ്മാണ മേൽനോട്ടം - സുനിൽ സിങ്, നിർമ്മാണ നിയന്ത്രണം - ബിനു മണമ്പൂർ, ചമയം - റോണക്സ് , ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം - എസ് ബി സതീശൻ, ശബ്ദമിശ്രണം - കിഷൻ മോഹൻ (സപ്ത റെക്കോർഡ്), നിശ്ചല ഛായ - നവീൻ മുരളി, പരസ്യ പ്രചരണം - വിഷ്ണു സുഗതൻ, പരസ്യകല - ആഷിഫ് സലിം, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.



