
തന്‍റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ച കോടതി നിര്‍ദേശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി നടി അന്‍സിബ ഹസന്‍. ‘സത്യമേവ ജയതേ’ എന്നാണ് അന്‍സിബ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം കേരള ഹൈക്കോടതിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് 8-ാം നമ്പർ കോടതിയാണ് കേസ് എടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. വർഗീയ പരാമർശത്തിൽ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷൻസ് കോടതി ഇന്നലെ നിർദേശം നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. ഈ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിൻ്റെ നിലപാട്.
കേസ് എടുക്കാനാവില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണ്ണമെന്ന് കോടതി ഉത്തരവിലുണ്ട്. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമർശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളി. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്‍റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ ഉണ്ട്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കേസെടുക്കാൻ നിർദ്ദേശിച്ച് ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിഎന്‍എസ് 173 (5) പ്രകാരം കേസ് എടുക്കാനാണ് കടവന്ത്ര പോലീസിന് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം അൻസിബയുടെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. പുറത്തുവന്നത് സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ മാത്രമാണ്. കോടതി ഉത്തരവ് ലഭിച്ചിട്ടില്ല. കോടതി ഉത്തരവ് കയ്യിൽ കിട്ടിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ