
ക്യാൻസറിനോട് പടപൊരുതി പലതവണ ജീവതത്തിലേക്ക് വന്ന് ഏവര്‍ക്കും പ്രചോദനമായതിന് ശേഷമാണ് നടി ശരണ്യ ശശി(Saranya Sasi) ഓര്‍മയായത്. പുഞ്ചിരി മായാതെയായിരുന്നു ശരണ്യ ശശി ക്യാൻസറിനോട് പോരാടിയത്. ശരണ്യക്ക് എന്നും താങ്ങായിരുന്ന നടിയും സുഹൃത്തുമായ സീമ ജി നായര്‍ക്ക്(Seema G Nair) ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ശരണ്യയുടെ വിടവാങ്ങല്‍. ഇപ്പോഴിതാ ശരണ്യയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീമ.
സീമ ജി നായരുടെ വാക്കുകൾ
ഇന്ന് ശരണ്യയുടെ പിറന്നാൾ.. അവൾ ദൈവസന്നിധിയിൽ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനം.. ഇപ്പോളും അവൾ പോയിയെന്നു ഉൾകൊള്ളാൻ കഴിയുന്നില്ല.. വേദനകൾ കടിച്ചമർത്തി ഇന്നും മോളെ സ്നേഹിച്ചവർ ജീവിക്കുന്നു.. ഈശ്വരൻ ഏറ്റവും സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുടെ മോളും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ.. അവളുടെ നഷ്ടം നികത്താനാവാത്തതാണ് എന്നറിഞ്ഞുകൊണ്ടു തന്നെ.. അവളുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റ് ഒൻപതിനായിരുന്നു മലയാളികളുടെ ഉള്ളുലച്ച് ശരണ്യ ശശി വിടവാങ്ങിയത്. ശരണ്യക്ക് ആദ്യമായി ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത് 2012ലായിരുന്നു. ലൊക്കേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു ശരണ്യ. ആശുപത്രിയില്‍ എത്തിയപ്പോഴാണ് രോഗം ക്യാൻസറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നങ്ങോട്ട് ശരണ്യക്ക് ചികിത്സയുടെ കാലമായിരുന്നു. ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങൾ കെടുത്താൻ എത്തുന്ന ക്യാൻസറിനെ ഓരോ തവണയും പൊരുതി തോൽപ്പിക്കുക ആയിരുന്നു ഈ പെൺകുട്ടി. വിടാതെ പിന്തുടർന്ന രോഗത്തിനും തുടർച്ചയായ ശസ്ത്രിക്രിയക്കുമിടെ പല തവണ ശരീരം തളർന്നു. സമ്പാദ്യമെല്ലാം തീർന്നെങ്കിലും മുഖത്തെ ചിരി മാഞ്ഞില്ല.
ദുരിതജീവിതത്തിൽ തുണയായതും ശരണ്യയുടെ അവസ്ഥ പുറം ലോകത്തത്തിച്ചതും സുഹൃത്തും നടിയുമായ സീമാ ജി നായരായിരുന്നു. സീമയുടെ വീഡിയോകൾ വഴി ശരണ്യക്ക് സഹായമൊഴുകിയെത്തി. തിരിച്ചുവരവിന്‍റെ സൂചനകൾക്കിടെ സന്തോഷം ഇരട്ടിയാക്കി കഴിഞ്ഞവർഷം ചെമ്പഴന്തിയിൽ സ്വന്തം വീടെന്ന സ്വപ്നവും സാക്ഷാത്കരിച്ചു. എന്നും ഒപ്പം നീന്ന സീമ ജി നായരോടുള്ള സ്നേഹ സൂചകമായി വീടിന് പേരിട്ടത് സ്നേഹസീമയെന്നായിരുന്നു.
വ്ലോഗിലൂടെയും യൂൂ ട്യൂബ് ചാനലുകളിലൂടെയും പ്രക്ഷകർക്ക് എന്നും ശരണ്യ നൽകിയത് അതീജീവനത്തിന്‍റെ വലിയസന്ദേശമായിരുന്നു. അഭിനയത്തിൽ വീണ്ടും സജീവമാകണമെന്ന ആഗ്രഹത്തിനിടെയാണ് മെയ് മാസത്തിൽ കൊവിഡ് കൂടി ബാധിക്കുന്നത്. ഇതോടെ സ്ഥിതി ഗുരുതരമായി. വീണ്ടുമൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രിയ നടി അകാലത്തിൽ മാഞ്ഞുപോയത്.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് ശരണ്യ അഭിനയത്തിന് തുടക്കമിടുന്നത്. കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ അഭിനയത്തിൽ സജീവമായതോടെ, അമ്മക്കൊപ്പം തലസ്ഥാനത്തേക്ക് താമസം മാറ്റിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ