സീരിയൽ-സിനിമാ രംഗത്ത് സജീവമായിരിക്കെ 2012ൽ ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്
തിരുവനന്തപുരം: സിനിമ-സീരിയൽ നടി ശരണ്യ ശശിയുടെ വേർപാടിന്‍റെ വേദനയിലാണ് ചലച്ചിത്രപ്രേമികളെല്ലാം. അർബുദത്തോട് പത്ത് വർഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ 35 ാം വയസിലാണ് പ്രിയനടി വിടപറഞ്ഞ് അകന്നത്. പലവട്ടം മരണത്തെ തോല്പിച്ച ശരണ്യയുടെ ജിവിതം അസാധാരണ പോരാട്ടത്തിന്‍റെത് കൂടിയാണ്.
സീരിയൽ-സിനിമാ രംഗത്ത് സജീവമായിരിക്കെ 2012ൽ ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. മഹാരോഗത്തിനെതിരായ മലയാളികളുടെ പ്രിയ നടിയുടെ അസാധാരണ പോരാട്ടമാണ് പിന്നെ കണ്ടത്. തലയിലടക്കം 11 തവണയാണ് ശസ്ത്രക്രിയ നടത്തിയത്. ശ്രീചിത്രയിലെ ഓരോ ശസ്ത്രക്രിയക്ക് ശേഷവും ചിരിച്ചുകൊണ്ട് ജീവിതത്തിലേക്ക് ശരണ്യയെത്തി.
വിടാതെ പിന്തുടർന്ന രോഗത്തിനും തുടർച്ചയായ ശസ്ത്രിക്രിയക്കുമിടെ പല തവണ ശരീരം തളർന്നു. സമ്പാദ്യമെല്ലാം തീർന്നെങ്കിലും മുഖത്തെ ചിരി മാഞ്ഞില്ല. ദുരിതജീവിതത്തിൽ തുണയായതും ശരണ്യയുടെ അവസ്ഥ പുറം ലോകത്തത്തിച്ചതും സുഹൃത്തും നടിയുമായ സീമാ ജി നായരായിരുന്നു. സീമയുടെ വീഡിയോകൾ വഴി ശരണ്യക്ക് സഹായമൊഴുകിയെത്തി. തിരിച്ചുവരവിന്‍റെ സൂചനകൾക്കിടെ സന്തോഷം ഇരട്ടിയാക്കി കഴിഞ്ഞവർഷം ചെമ്പഴന്തിയിൽ സ്വന്തം വീടെന്ന സ്വപ്നവും സാക്ഷാത്കരിച്ചു. എന്നും ഒപ്പം നീന്ന സീമ ജി നായരോടുള്ള സ്നേഹ സൂചകമായി വീടിന് പേരിട്ടത് സ്നേഹസീമയെന്നായിരുന്നു.
വ്ലോഗിലൂടെയും യൂൂ ട്യൂബ് ചാനലുകളിലൂടെയും പ്രക്ഷകർക്ക് എന്നും ശരണ്യ നൽകിയത് അതീജീവനത്തിന്‍റെ വലിയസന്ദേശമായിരുന്നു. അഭിനയത്തിൽ വീണ്ടും സജീവമാകണമെന്ന ആഗ്രഹത്തിനിടെയാണ് മെയ് മാസത്തിൽ കൊവിഡ് കൂടി ബാധിക്കുന്നത്. ഇതോടെ സ്ഥിതി ഗുരുതരമായി. വീണ്ടുമൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രിയ നടി അകാലത്തിൽ മാഞ്ഞുപോയത്.
കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ അഭിനയത്തിൽ സജീവമായതോടെ, അമ്മക്കൊപ്പം തലസ്ഥാനത്തേക്ക് താമസം മാറ്റിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മരണസമയത്തും ആശുപത്രിയിൽ ഒപ്പം സീമ ജി നായരുണ്ടായിരുന്നു. സിനിമക്കഥയെ വെല്ലുന്ന ജീവിതപോരാട്ടത്തിന് തിരിശ്ശീലയിട്ട് ഒടുവിൽ ശരണ്യ മടങ്ങിയപ്പോൾ അതൊരു വേദനയായി പലർക്കും അവശേഷിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
