
ട്രാൻസ് കമ്മ്യൂണിറ്റിയിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളാണ് സീമ വിനീത്. ഒരു മേക്കപ്പ് ആർടിസ്റ്റ് കൂടിയാണ് സീമ. കുട്ടിക്കാലം മുതൽ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹത്തെക്കുറിച്ചുമൊക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് സീമ. മൂവ് വേള്‍ഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സീമ വിനീത് മനസ് തുറന്നത്.
''കുട്ടിക്കാലത്ത് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ശാരീരിക പീഡനത്തേക്കാൾ മാനസികമായി ഒരുപാട് വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളിൽ പോകാൻ പോലും ഞാൻ മടിച്ചിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഞാൻ ട്രാൻസ് ആണെന്ന് എല്ലാവരും മനസിലാക്കിയിരുന്നു. എന്റെ പെരുമാറ്റം അങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെ വഴിയരികിൽ വച്ച് ഒരുപാട് ആളുകൾ ഉപദ്രവിക്കാൻ വന്നിട്ടുണ്ട്. സിനിമയിൽ കാണുന്നതിനേക്കാൾ ഭീകരമായിരുന്നു ആ അവസ്ഥ. ഞാൻ ആണാണോ, പെണ്ണാണോ, നോക്കട്ടെ എന്ന വിധത്തിലായിരുന്നു ഉപദ്രവം. അന്നൊക്കെ നിലവിളിച്ച് ഓടിയിട്ടുണ്ട്'', സീമ അഭിമുഖത്തിൽ പറഞ്ഞു.
ഹോർമോൺ ചികിൽസ കഴിഞ്ഞുള്ള ഒരു രാത്രി അമ്മയെ വിളിച്ച അനുഭവവും സീമ പങ്കുവെച്ചു. ''എപ്പോളെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ എന്ന് ഞാൻ അമ്മയോട് ചോദിച്ചു. നിനക്ക് ഇപ്പോ എന്താ അങ്ങനെ തോന്നാൻ, എന്തു പറ്റി എന്നൊക്കെയുള്ള മറുപടികളാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, തിരിച്ചെനിക്ക് കിട്ടിയത് നാല് ചീത്തയാണ്. അതിനു ശേഷം ആ ചോദ്യം ഞാൻ ആരോടും ചോദിച്ചിട്ടില്ല'', കണ്ണു നിറഞ്ഞ് സീമ പറഞ്ഞു. കുട്ടിക്കാലത്ത് ആകെ മൂന്ന് വർഷമാണ് മാതാപിതാക്കൾക്കൊപ്പം ഒന്നിച്ച് താമസിച്ചത്. അതിനു മുൻപ് അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം ആയിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ വലിയ സങ്കടം ആയിരുന്നു എന്നും അന്ന് അമ്മ അനുഭവിച്ച വേദനയൊക്കെ ഇപ്പോഴാണ് മനസിലാകുന്നതെന്നും സീമ കൂട്ടിച്ചേർത്തു. ഒരു പക്ഷേ അതൊക്കെ കൊണ്ടാകാം അമ്മ തന്നോട് ആ രീതിയിലൊക്കെ പെരുമാറിയതെന്നും സീമ അഭിമുഖത്തിൽ പറഞ്ഞു.
മിമിക്രി ആർട്ടിസ്റ്റുകളോടൊപ്പം ജോലി ചെയ്തപ്പോൾ ഉണ്ടായ ദുരനുഭവവും സീമ പങ്കുവെച്ചു. ഒരു ട്രൂപ്പിൽ ജോലി ചെയ്യുമ്പോളായിരുന്നു സംഭവം. എല്ലാവരും ബാത്ത്റൂം ഉപയോഗിച്ച ശേഷമാണ് സീമക്ക് അവസരം ലഭിച്ചിരുന്നത്. ഒരു 45 മിനിട്ടെങ്കിലും വേണം. അന്ന് ലേസർ ട്രീറ്റ്‌മെന്റ് ഒന്നും നടത്തിയിട്ടില്ല. വാക്സ് ചെയ്യാനൊക്കെ സമയമെടുക്കും. തിരിച്ച് അവരോടൊപ്പം ബസിൽ വന്നപ്പോൾ രണ്ടുപേർ അപമാനിച്ചു. ഇത്രയം സമയം കുളിക്കാൻ നീ ആണാണോ പെണ്ണാണോ എന്നായിരുന്നു ചോദ്യം. മോശമായി അവർ തന്റെ ശരീരത്തിൽ പിടിക്കുകയും വസ്ത്രം അഴിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും സീമ വെളിപ്പെടുത്തി കോട്ടയത്ത് വച്ചായിരുന്നു സംഭവം. അന്ന് പൊലീസിനെ വിളിച്ചെന്നും അവരെ അറസ്റ്റ് ചെയ്തെന്നും അവരെ കൊണ്ട് മാപ്പ് പറയിപ്പിച്ചെന്നും സീമ കൂട്ടിച്ചേർത്തു.
ALSO READ : കേന്ദ്ര കഥാപാത്രമായി മീനാക്ഷി; 'സൂപ്പര്‍ ജിമ്നി' നാളെ തിയറ്ററുകളില്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ