
സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു ഡ്രൈവിംഗ് ലൈസന്‍സ്. 2019 ല്‍ പുറത്തെത്തിയ ചിത്രം തിയറ്ററുകളില്‍ വിജയവുമായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് റിലീസിന് തയ്യാറെടുക്കുകയാണ്. സെല്‍ഫി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആണ് നായകന്‍. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ഒരു പുതിയ സ്റ്റില്‍ അക്ഷയ് കുമാര്‍ ഇന്ന് പുറത്തുവിട്ടു.
മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ചലച്ചിത്ര താരത്തെയാണ് ഹിന്ദി റീമേക്കില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ റീമേക്കില്‍ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയുമാണ്. ഇരുവരും ഒരു ചിത്രത്തിനുവേണ്ടി ആദ്യമായാണ് ഒരുമിക്കുന്നത്.
ALSO READ : നായികയുടെ ബിക്കിനിയുടെ നിറം; ഷാരൂഖിന്‍റെ പഠാന്‍ സിനിമയ്ക്കെതിരെ ബഹിഷ്‍കരണാഹ്വാനം
ഒരു ഗാന ചിത്രീകരണത്തിന്‍റെ വേഷവിധാനത്തിലാണ് പുറത്തെത്തിയ സ്റ്റില്ലില്‍ അക്ഷയ് കുമാര്‍. റീമേക്കിന്‍റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്. 'ഗുഡ് ന്യൂസ്' എന്ന ചിത്രം ഒരുക്കിയ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ഫെബ്രുവരി 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നായകന്‍ അക്ഷയ് കുമാര്‍ ആയതിനാല്‍ ബോളിവുഡ് അടുത്ത വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഇത്. സല്‍മാന്‍ ഖാന്‍ ഫിലിംസ് ആണ് ചിത്രം രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്.