അവതാരങ്ങൾ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാൻ കൂടിയാണ്, മോഹൻലാൽ ചെയ്തതും അതാണ്; ഷാജി കൈലാസ്

By Web TeamFirst Published May 21, 2021, 9:49 AM IST
Highlights

പ്രത്യാശയുടെ കിരണങ്ങൾക്കായി എല്ലാവരും ഉറ്റുനോക്കുന്ന ഈ മഹാമാരി കാലത്ത് ഉള്ള് തുറന്ന് ചിരിക്കാനും കരയാനും സ്നേഹിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ ഈ നടന്റെ അഭിനയമുഹൂർത്തങ്ങൾ നമ്മെ സഹായിക്കുന്നുണ്ടെന്നും ഷാജി കൈലാസ് കുറിക്കുന്നു. 
 

ലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് സംവിധായകൻ ഷാജി കൈലാസ്. അവതാരങ്ങൾ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാൻ കൂടിയാണ്. നടനത്തിലൂടെ മോഹൻലാൽ ചെയ്തതും അതാണെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിക്കുന്നു. 

പ്രത്യാശയുടെ കിരണങ്ങൾക്കായി എല്ലാവരും ഉറ്റുനോക്കുന്ന ഈ മഹാമാരി കാലത്ത് ഉള്ള് തുറന്ന് ചിരിക്കാനും കരയാനും സ്നേഹിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ ഈ നടന്റെ അഭിനയമുഹൂർത്തങ്ങൾ നമ്മെ സഹായിക്കുന്നുണ്ടെന്നും ഷാജി കൈലാസ് കുറിക്കുന്നു. 

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ടാം കോവിഡ് തരംഗം സജീവമായി നിൽക്കുന്ന സമയത്താണ് മോഹൻലാലിന്റെ ജന്മദിനം വരുന്നത്. ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുൻപ് വാട്സാപ്പിൽ വന്ന ഒരു സന്ദേശത്തിൽ ഈ സമയത്ത് കണ്ടാസ്വദിക്കാനുള്ള 100 മോഹൻലാൽ സിനിമകളുടെ ലിസ്റ്റ് ഉണ്ടായിരുന്നു. വെറുതെ ആ ചിത്രങ്ങളുടെ പേരുകളിലൂടെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് ആ മഹാനടൻ ചെയ്തു വെച്ചിരിക്കുന്ന അഭിനയവൈവിധ്യത്തിന്റെ വലിയ ശേഖരം കണ്ട് ഞെട്ടിയത്. ഒരു നടൻ എന്ന നിലയിൽ ഇനി എന്താണ് മോഹൻലാലിൽ നിന്നും പ്രതീക്ഷിക്കേണ്ടത് എന്ന സംശയം പണ്ടും ഉണ്ടായിട്ടുണ്ട്. എന്നാൽ എപ്പോഴൊക്കെ അങ്ങനെ തോന്നിയിട്ടുണ്ടോ അടുത്ത നിമിഷം പുതിയൊരു ചിത്രത്തിൽ പുതിയൊരു ഭാവവുമായി വന്ന് ഈ നടൻ നമ്മെ വിസ്മയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവതാരങ്ങൾ പിറവിയെടുക്കുന്നത് ശുദ്ധീകരിക്കാൻ കൂടിയാണ്. നടനത്തിലൂടെ മോഹൻലാൽ ചെയ്തതും അതാണ്. ഈ നടന്റെ ഒരു ചിത്രം കണ്ട് കഴിയുമ്പോൾ ഏത് വിധത്തിലാണോ നാം നവീകരിക്കപ്പെടുന്നത് അതേ അളവിൽ ശുദ്ധീകരിക്കപ്പെടുകയും വിമലീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പ്രത്യാശയുടെ കിരണങ്ങൾക്കായി എല്ലാവരും ഉറ്റുനോക്കുന്ന ഈ മഹാമാരി കാലത്ത് ഉള്ള് തുറന്ന് ചിരിക്കാനും കരയാനും സ്നേഹിക്കാനും നൊമ്പരപ്പെടുത്താനുമൊക്കെ ഈ നടന്റെ അഭിനയമുഹൂർത്തങ്ങൾ നമ്മെ സഹായിക്കുന്നുണ്ട്. സുഹൃത്ത്, സഹപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല ഒരു സംവിധായകൻ എന്ന നിലയിൽ കൂടി ഞാനറിഞ്ഞ മോഹൻലാൽ സ്വയം നവീകരിക്കാനുള്ള വെല്ലുവിളിയായും എനിക്ക് മുമ്പിൽ ഉയർന്ന് നിൽക്കുന്നു. ഫാൻസുകാർ ഇട്ട കമന്റ് നൂറ് ശതമാനം ശരിയാണ്. നാളെ സൂര്യനുദിക്കുന്നത് അല്പം ഇടത്തോട്ട് ചെരിഞ്ഞ്, മീശ പിരിച്ചായിരിക്കും. മോഹൻലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!