മമ്മൂട്ടി നായകനായ ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ചിത്രത്തിന്‍റെ അക്കാദമി മ്യൂസിയം സ്ക്രീനിംഗ് നാളെ

മമ്മൂട്ടിയുടെ സമീപകാല സിനിമാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത പിരീഡ് ഫോക്ക് ഹൊറര്‍ ത്രില്ലര്‍ ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രീകരിച്ച ഒന്നായിരുന്നു. അത് തന്നെയായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റും. കൊടുമണ്‍ പോറ്റിയെന്ന, കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഒടിടി റിലീസിന് ശേഷം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചിത്രവും മമ്മൂട്ടിയുടെ പ്രതികരണവും സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടിക്ക് മികച്ച നടനുള്ളതുള്‍പ്പെടെ നാല് സംസ്ഥാന പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. മറ്റൊരു അഭിമാനാര്‍ഹമായ നേട്ടവും ചിത്രം അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഓസ്‍കര്‍ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്ന യുഎസിലെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് ഡയന്‍സസിന്‍റെ മ്യൂസിയം സ്ക്രീനിംഗിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു അത്. ഇപ്പോഴിതാ അതിനായുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

സ്ക്രീനിംഗ് നാളെ 

ലോസ് ഏഞ്ചല്‍സിലെ ടെഡ് മന്‍ തിയറ്ററില്‍ നാളെ പ്രാദേശിക സമയം രാത്രി 7.30 നാണ് ഭ്രമയുഗത്തിന്‍റെ പ്രദര്‍ശനം. അക്കാദമി മ്യൂസിയത്തിന്‍റെ വെബ് സൈറ്റിലൂടെയാണ് ടിക്കറ്റ് വില്‍പ്പന. 5 ഡോളര്‍ മുതലാണ് (453 രൂപ) ടിക്കറ്റ് നിരക്ക്. വെയര്‍ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ എന്ന പാക്കേജിലാണ് ഭ്രമയുഗവും ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ആഴ്ച അക്കാദമി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരേയൊരു ഇന്ത്യന്‍ ചിത്രവും ഭ്രമയുഗമാണ്. റിച്ചാര്‍ഡ് റോത്ത് ഫൗണ്ടേഷന്‍റെ ഫണ്ടിംഗോടെയാണ് അക്കാദമി മ്യൂസിയത്തിന്‍റെ ഫിലിം പ്രോഗ്രാമിംഗ് നടക്കുന്നത്. അതേസമയം ഈ പ്രദര്‍ശനത്തില്‍ ചിത്രം എത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്നത് മലയാളി പ്രേക്ഷകരിലും കൗതുകമുണ്ടാക്കുന്നുണ്ട്.

മമ്മൂട്ടിയെയും അര്‍ജുന്‍ അശോകനെയും കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള, സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്സ്ഡ് അടക്കമുള്ള പ്ലാറ്റ്‍ഫോമുകളില്‍ ചിത്രം മികച്ച റേറ്റിംഗ് നേടിയിരുന്നു. ബോക്സ് ഓഫീസിലും വിജയമായിരുന്നു ചിത്രം. ആഗോള തലത്തില്‍ 60 കോടിയിലേറെ നേടിയിരുന്നു ചിത്രം. യൈനോട്ട് സ്റ്റുഡിയോസ്, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming