Jai Bhim|ജയ് ഭീമിന്റെ വിജയത്തിന് പിന്നിലെ മറുനാടൻ മലയാളി ദമ്പതികൾ

By Web TeamFirst Published Nov 3, 2021, 3:46 PM IST
Highlights

ഹിന്ദി, മലയാളം തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ജയ് ഭീം മൊഴിമാറ്റം ചെയ്‍ത മലയാളി ദമ്പതികള്‍.

സൂര്യ (Suriya) നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ജയ് ഭീമിന് (Jai Bhim) വൻ പ്രതികരണമാണ് ലഭിച്ചത്. ത സെ ജ്ഞാനവേല്‍ ( Tha Se Gnanavel) ആണ് ചിത്രം സംവിധാനം ചെയ്‍തത്.  'കൂട്ടത്തില്‍ ഒരുത്തന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍. അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വൻ വിജയമായി മാറുമ്പോള്‍ അഭിമാനിക്കുകയാണ് മറുനാടൻ മലയാളി ദമ്പതികളായ ഷിബു കല്ലാറും ജോളി ഷിബുവും (Shibu Kallar and Jolie Shibu).

ഹിന്ദി, മലയാളം തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ മൊഴിമാറ്റം നൽകിയത് ജോളി സ്റ്റുഡിയോയുടെ സാരഥികളായ ഷിബുവും ജോളിയുമാണ്. ഡബ്ബിങ് രംഗത്ത് ദീർഘകാല പരിചയ സമ്പത്തിന് ഉടമകളായ ജോളിയും ഷിബുവും അതാതു ഭാഷകളിലെ പ്രഗൽഭരായ ഡബ്ബിങ് ആർട്ടിസ്റ്റ്മാരെ അന്വേഷിച്ച് കണ്ടെത്തിയാണ് ദൗത്യം പൂർത്തിയാക്കിയത്. ഒരു ഡബ്ബിങ് സിനിമ എന്ന പ്രതീതി ഉണ്ടാവാത്ത രീതിയിൽ ഡബ്ബിങ് പൂർത്തിയാക്കി പ്രശംസ നേടാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് ജോളിയും ഷിബുവും. ഡബ്ബിങ് രംഗത്ത് സുപരിചിതരായ ഇവർ ഇതിനോടകം ഒട്ടനവധി സിനിമകൾ തമിഴിൽ നിന്ന് മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കൈതി,സൂരറൈ പോട്ര്, ദർബാർ, ബിഗിൽ, മാസ്റ്റർ, വിശ്വാസം,വിവേകം, പൊൻമകൾ വന്താൾ, അരുവി,നേർകൊണ്ട പാർവൈ, രാക്ഷസി , തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഷിബുവും ജോളിയും മൊഴി നൽകി അന്യ ഭാഷയിലും വിജയം നേടി കൊടുത്തവയിൽ ചിലതു മാത്രം.

2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് ജയ് ഭീംമിന്റെ നിര്‍മ്മാണം. 

മലയാളി താരം ലിജോ മോള്‍ ജോസ് (Lijo Mol Jose) വൻ മേയ്‍ക്കോവറില്‍ എത്തിയിരിക്കുന്നു. രജിഷ വിജയനാണ് (Rajisha Vijayan) സൂര്യയുടെ ചിത്രത്തിലെ മറ്റൊരു പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തിയത്. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തിയത്.

click me!