
സൗത്ത് ഇന്ത്യന്‍ ഇന്റർനാഷനൽ മൂവി അവാർഡ്‍സ് (സൈമ) 2023 പതിപ്പിന്‍റെ നോമിനേഷനുകളുടെ പ്രഖ്യാപനം ഈ മാസം തുടക്കം മുതല്‍ നടക്കുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളിലെ മികവുകള്‍ക്കാണ് പുരസ്കാരം. സിനിമകള്‍ പാന്‍ ഇന്ത്യന്‍ വിപണി തേടുന്ന ഒടിടി അനന്തര കാലത്തെ ഭാഷാ ചിത്രങ്ങളില്‍ മറുഭാഷാ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരുമൊക്കെ ഒട്ടേറെയുണ്ട്. ഇപ്പോഴിതാ തെലുങ്ക് ചിത്രങ്ങളിലെ മികച്ച പ്രതിനായകന്മാരെ തെരഞ്ഞെടുക്കാനുള്ള നോമിനേഷനുകളാണ് മലയാളി പ്രേക്ഷകരുടെയും ശ്രദ്ധ നേടുന്നത്. കാരണം ലിസ്റ്റിലുള്ള അഞ്ച് അഭിനേതാക്കളില്‍ രണ്ട് പേര്‍ മലയാളത്തിലെ പ്രമുഖ താരങ്ങളാണ്!
ജയറാമും ഉണ്ണി മുകുന്ദനുമാണ് ആ താരങ്ങള്‍. രവി തേജ നായകനായ ധമാക്കയാണ് ജയറാമിന് നോമിനേഷന്‍ നേടിക്കൊടുത്ത ചിത്രം. സാമന്ത ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച യശോദയാണ് ഉണ്ണി മുകുന്ദന്‍റെ ചിത്രം. ഹരി- ഹരീഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച യശോദയില്‍ ഡോ. ഗൌതം എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ചത്. ത്രിനാഥ റാവു നക്കിന സംവിധാനം ചെയ്ത ധമാക്കയില്‍ ജെപി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്.
ഉണ്ണി മുകുന്ദന്‍റെ തെലുങ്കിലെ നാലാമത്തെ ചിത്രമാണ് യശോദ. മോഹന്‍ലാലിനൊപ്പമെത്തിയ ജനത ഗാരേജിന് ശേഷം ഭാഗ്‍മതി, ഖിലാഡി തുടങ്ങിയ ചിത്രങ്ങളിലും ഉണ്ണി അഭിനയിച്ചു. അതേസമയം നിലവില്‍ മലയാളത്തേക്കാള്‍ ഇതരഭാഷകളില്‍ സജീവമായ ജയറാം ഇക്കാലയളവില്‍ തെലുങ്കില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ഖുഷി, ഷങ്കറിന്‍റെ രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചര്‍, മഹേഷ് ബാബു ചിത്രം ഗുണ്ടൂര്‍ കാരം തുടങ്ങിയ ചിത്രങ്ങളിലൊക്കെ ജയറാം പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം