സഹായിക്കാമോന്ന് യുവതിയുടെ ട്വീറ്റ്; മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വേണ്ട സഹായങ്ങൾ ചെയ്ത് സോനു സൂദ്

By Web TeamFirst Published Aug 13, 2020, 9:33 AM IST
Highlights

ശസ്ത്രക്രിയയ്ക്കുള്ള ധനസഹായത്തിന് പുറമേ സോനു ഗോരഖ്പൂരിൽ നിന്ന് ഗാസിയാബാദിലേക്കുള്ള യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് പിതാവ് വിനോദ് പറഞ്ഞു.
 

ടന്‍ സോനു സൂദിനെ സാമൂഹ്യ മാധ്യമങ്ങളിലും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് യുവതിക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തിരിക്കുകയാണ് താരം.

അടിയന്തര കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സഹായം തേടിയ ഗോരഖ്പൂരിലെ പ്രഗ്യ മിശ്ര എന്ന 22കാരിക്കാണ് സോനു സഹായഹസ്തവുമായി രം​ഗത്തെത്തിയത്. പ്ര​ഗ്യയുടെ പിതാവ് വിനോദ് പ്രദേശത്തെ ക്ഷേത്രത്തിലെ പുരോഹിതനാണ്. ലോക്ക്ഡൗൺ വന്നതോടെ അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയിലാണ് മകൾക്ക് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നത്. ഇതോടെ വിനോദ് കടുത്ത പ്രതിസന്ധിയിലായി. 

ഇതിനിടയിൽ കഴിഞ്ഞ ആഴ്ചയാണ് പ്രഗ്യ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സോനു സൂദിന് ട്വീറ്റ് ചെയ്തത്. "സർ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. ദയവായി എന്നെ സഹായിക്കൂ. സാമ്പത്തികമായി സഹായിക്കുന്നതിലൂടെ കിടപ്പിലാകുന്നതിൽ നിന്ന് എനിക്ക് മുക്തി ലഭിക്കും." എന്നായിരുന്നു പ്ര​ഗ്യയുടെ ട്വീറ്റ്. ഒരു ലക്ഷം രൂപയിലധികം ശസ്ത്രക്രിയയ്ക്ക് ചെലവ് കണക്കാക്കിയ ആശുപത്രിയിൽ നിന്നുള്ള കുറിപ്പടിയും ഇതോടൊപ്പം ട്വീറ്റ് ചെയ്തിരുന്നു.

ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ആശുപത്രിയുമായി സംസാരിച്ച സൂദ് ശസ്ത്രക്രിയയുടെ ക്രമീകരണങ്ങൾ നടത്തി. പിന്നാലെ പ്ര​ഗ്യയ്ക്ക് താരം മറുപടിയും നൽകി. "ഡോക്ടറുമായി സംസാരിച്ചു. നിങ്ങളുടെ യാത്രകൾ ക്രിമീകരിക്കുക. ശസ്ത്രക്രിയ അടുത്തയാഴ്ച നടക്കും. വേഗം സുഖം ആകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ" എന്നായിരുന്നു സോനുവിന്റെ മറുപടി.

സോനുവിന്റെ നിർദ്ദേശപ്രകാരം പ്ര​ഗ്യയുടെ വീട്ടിൽ സന്ദർശനം നടത്തിയെന്ന് ഡോക്ടർ അഖിലേഷ് യാദവ് പറഞ്ഞു. പ്രഗ്യയെക്കുറിച്ചും കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചും സൂദ് നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി നടപടിക്രമങ്ങളിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയയ്ക്കുള്ള ധനസഹായത്തിന് പുറമേ സോനു ഗോരഖ്പൂരിൽ നിന്ന് ഗാസിയാബാദിലേക്കുള്ള യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് പിതാവ് വിനോദ് പറഞ്ഞു.

click me!