ഓൺലൈൻ അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക്

By Web TeamFirst Published Sep 27, 2022, 4:48 PM IST
Highlights

ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്തും

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് മാറ്റി നിർത്തും. സിനിമ നിർമാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ അറിയിച്ചു. പരാതിക്കാരിയായ ഓൺലൈൻ മാധ്യമപ്രവർത്തകയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. തെറ്റ് ശ്രീനാഥ് ഭാസി സമ്മതിച്ചുവെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഇനി ഒരിക്കലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പറയുകയും വിഷയത്തിൽ ശ്രീനാഥ് ഭാസി പരാതിക്കാരിയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ശ്രീനാഥ് ഭാസിക്ക് നന്നാകാനുള്ള അവസരമാണ് സിനിമയിൽ നിന്നുള്ള മാറ്റി നിർത്തൽ. ചെയ്തു കൊണ്ടിരിക്കുന്ന സിനിമ നടന്‍ പൂർത്തിയാക്കും. ഒരു സിനിമക്ക് കരാർ തുകയിൽ കൂടുതൽ പണം വാങ്ങിയത് ശ്രീനാഥ് ഭാസി തിരിച്ചു നൽകുമെന്നും സഘടന അറിയിച്ചു. സെലിബ്രിറ്റികള്‍ ജനങ്ങള്‍ക്ക് മാതൃക ആകേണ്ടവരാണ്. അവരില്‍ നിന്നും തെറ്റ് സംഭവിക്കുമ്പോഴുള്ള നടപടിയാണ് ഇപ്പോള്‍ എടുത്തിരിക്കുന്നതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു. 

ശ്രീനാഥ് ഭാസിക്കെതിരായ പരാതിയില്‍ നിര്‍മാതാക്കളുടെ സംഘടന ഇടപെടുന്നു, നടപടി മൊഴികള്‍ വിലയിരുത്തിയ ശേഷം

അവതാരകയെ അപമാനിച്ച കേസില്‍ കഴിഞ്ഞ ദിവസം കൊച്ചി മരട് പൊലീസ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സ്റ്റേഷന്‍ ജാമ്യത്തില്‍ നടനെ വിട്ടയക്കുകയും ചെയ്തു.  ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍),  294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

 'ചട്ടമ്പി' എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസിയുടെ കേസിന് ആസ്പദമായ സംഭവം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. കേസില്‍ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

click me!