Latest Videos

ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

By Web TeamFirst Published Sep 27, 2022, 1:27 PM IST
Highlights

നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്.

മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന്  ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ആശാഖ് പരേഖ് ഇന്ത്യൻ ഫിലിം സെൻസര്‍ ബോര്‍ഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ് . ടെലിവിഷൻ പരമ്പരയുടെ സംവിധായികയായിട്ടും ആശാ പരേഖ് ശ്രദ്ധേയയാണ്.

ബാലതാരമായിട്ടാണ് ആശാ പരേഖ് ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. 'മാ' (1952) എന്ന ചിത്രത്തിലെ ബാലാതാരമായി ആശാ പരേഖിനെ സംവിധായകൻ ബിമല്‍ റോയ് കാസ്റ്റ് ചെയ്യുകയായിരുന്നു. പത്ത് വയസ് മാത്രമുള്ളപ്പോഴായിരുന്നു ആദ്യ ചിത്രം. ബാലതാരമായി കുറച്ച് ചിത്രങ്ങളില്‍ അഭിനയിച്ച ആശാ പരേഖ് പിന്നീട് ഇടവേളയെടുക്കുകയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്‍തു. നസിര്‍ ഹുസൈന്റെ 'ദില്‍ ദേകെ ദേഖോ' എന്ന ചിത്രത്തില്‍ നായികയായി 1959ല്‍ ആശാ പരേഖ് വെള്ളിത്തിരയില്‍ തിരിച്ചെത്തി.  തുടര്‍ന്നങ്ങോട്ട് 'ജബ് പ്യാര്‍ കിസി സെ ഹോതാ ഹേ', 'ഫിര്‍ വൊഹി ദില്‍ ലയാ ഹൂ', 'പ്യാര്‍ കാ മൗസം', 'കാരവൻ', 'ചിരാഗ്' തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി തിളങ്ങി. രാജ്യം പദ്‍മശ്രീ നല്‍കി ആശാ പരേഖിനെ ആദരിച്ചിട്ടുണ്ട്.

ആശാ പരേഖര്‍ ഗുജറാത്തി, പഞ്ചാബി, കന്നഡ സിനികളിിലും അഭിനയിച്ചിട്ടുണ്ട്. അറുപതുകളില്‍ നായികയായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടിയായ ആശാ പരേഖ്, എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും ക്യാരക്ടര്‍ റോളുകളിലേക്ക് തിരിഞ്ഞു. ശേഷം ടെലിവിഷൻ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തു. 1990ല്‍ ഗുജറാത്തി സീരിയലായ 'ജ്യോതി' സംവിധാനം ചെയ്‍ത ആശാ പരേഖ് 'പലാഷ് കെ ഫൂല്‍', 'ബാജെ പയാല്‍' തുടങ്ങിയ ഷോകള്‍ നിര്‍മിച്ചു.

മികച്ച നടിക്കുള്ള ഗുജറാത്ത് സംസ്ഥാന അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്‍കാരങ്ങള്‍ ആശാ പരേഖിനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്‍ക്കുള്ള പരമോന്നത ബഹുമതിയായ ദാദേ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും എഴുപത്തിയൊമ്പതാം വയസ്സില്‍ തേടിയെത്തിയിരിക്കുന്നു. 10 ലക്ഷം രൂപയും ഫലകവുമാണ് അവാര്‍ഡ്. രാഷ്‍ട്രപതി ദ്രൗപദി മുര്‍മുവാണ് അവാര്‍ഡ് സമ്മാനിക്കുക.

Read More: പ്രണയവും പ്രതികാരവും വൻ ഹിറ്റ്, ഇനി ആക്ഷൻ, ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത' തുടങ്ങി

click me!