രാജമൗലിക്കും കുടുംബത്തിനും കൊവിഡ് രോഗമുക്തി; പ്ലാസ്‍മ നല്‍കാനാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലെന്നും പ്രതികരണം

By Web TeamFirst Published Aug 12, 2020, 5:54 PM IST
Highlights

ജൂലൈ 29നാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവ് ആയ വിവരം രാജമൗലി അറിയിച്ചത്. ദിവസങ്ങള്‍ക്കുമുന്‍പ് ചെറിയ പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം കൊവിഡ് പരിശോധന നടത്തുകയായിരുന്നു

പ്രശസ്ത തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിക്കും കുടുംബത്തിനും കൊവിഡ് രോഗമുക്തി. രണ്ടാഴ്ചത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയെന്നും പിന്നാലെ നടത്തിയ കൊവിഡ് പരിശോധനയില്‍ താനുള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്‍ക്കും നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. ഒപ്പം പ്ലാസ്‍മ ദാനത്തിന് ആവശ്യമായ ആന്‍റിബോഡി ശരീരത്തില്‍ വികസിച്ചുവോ എന്നറിയാനായി മൂന്നാഴ്ച കാത്തിരിക്കാനാണ് ഡോക്ടര്‍ അറിയിച്ചതെന്നും.

ജൂലൈ 29നാണ് തനിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് പോസിറ്റീവ് ആയ വിവരം രാജമൗലി അറിയിച്ചത്. ദിവസങ്ങള്‍ക്കുമുന്‍പ് ചെറിയ പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം കൊവിഡ് പരിശോധന നടത്തുകയായിരുന്നു. തീവ്രത കുറഞ്ഞ രോഗമെന്നാണ് കൊവിഡ് പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും ഹോം ക്വാറന്‍റൈന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. 

അതേസമയം കൊവിഡ് പ്രൊഡക്ഷനെ ബാധിച്ച സിനിമകളില്‍ രാജമൗലിയുടെ ആര്‍ആര്‍ആറുമുണ്ട്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, അലിയ ഭട്ട്, അജയ് ദേവ്ഗണ്‍, സമുദ്രക്കനി തുടങ്ങിയവര്‍ക്കൊപ്പം റേ സ്റ്റീവെന്‍സണ്‍, ഒലിവിയ മോറിസ്, അലിസണ്‍ ഡൂഡി എന്നീ വിദേശതാരങ്ങളും കാഥാപാത്രങ്ങളാവുന്നുണ്ട് ചിത്രത്തില്‍. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി എട്ടാണ് ചിത്രത്തിന്‍റെ റിലീസ് തീയ്യതിയായി നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

click me!