
സ്റ്റേജ് പരിപാടികളില്‍ പുരുഷന്മാര്‍ പെണ്‍വേഷം കെട്ടിയ കാലത്ത് വേദിയില്‍ നേരിട്ടെത്തി വിസ്മയിപ്പിച്ച മിന്നും താരമായിരുന്നു സുബി. മലയാള ടെലിവിഷൻ രംഗത്ത് ഏറ്റവും കരുത്തുറ്റ സ്ത്രീസാന്നിധ്യമായി സുബി മാറിയതിന് പിന്നില്‍ സ്വപ്നം നേടിയെടുക്കാനുള്ള ഒരു കലാകാരിയുടെ എല്ലാം മറന്നുള്ള പ്രയത്നം തന്നെയാണ് അടിത്തറ പാകിയത്. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം.
സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സിനിമാല പരിപാടി ആയിരുന്നു. അക്കാലത്തെ കോമഡി കിംഗുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ക്കൊപ്പം നിറഞ്ഞാടാൻ സുബിക്ക് സാധിച്ചു. സുബി മലയാളിക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. ബ്രേക്ക് ഡാൻസറാകാനാണ് കൗമാരക്കാലത്ത് താരം മോഹിച്ചത്. പക്ഷേ, ഒരു നര്‍ത്തകിയുടെ ചുവടുകളെക്കാള്‍ സുബിയുടെ വര്‍ത്തമാനത്തിന് ചടുതല ഏറെയായിരുന്നു. കൃത്യമായ ടൈമിംഗില്‍ കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവ് സുബിയെ സ്റ്റേജിലെ മിന്നും താരമാക്കി മാറ്റി.
വർഷങ്ങൾ നീണ്ട സിനിമാല ജീവിതത്തിന് പിന്നാലെയാണ് സിനിമയിലേക്ക് എത്തുന്നത്. രാജസേനൻ സംവിധാനം ചെയ്ത ജയറാം നായകനായി എത്തിയ കനകസിംഹാസനത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ ഹാപ്പി ഹസ്ബൻഡ്സ്, പഞ്ചവർണ്ണതത്ത, കില്ലാഡി രാമൻ തുടങ്ങിയ സിനിമകളിലെ കോമഡി വേഷങ്ങളും കയ്യടി നേടി. എന്നാല്‍, തന്‍റെ തട്ടകം സ്റ്റേജ് ആണെന്ന് എന്നും വിശ്വസിച്ചിരുന്നയാളായിരുന്നു സുബി. വേദികളില്‍ നിന്ന് വേദികളിലേക്ക് അങ്ങനെ വീണ്ടും ജീവിതം തിരക്കിലേക്ക് മാറി. വിദേശ രാജ്യങ്ങളിലെ ഷോകളില്‍ സുബി സ്ഥിരം സാന്നിധ്യമായി.
ഇതിനിടെ അവതാരക എന്ന നിലയിലും ശ്രദ്ധിക്കപ്പെടാൻ താരത്തിന് സാധിച്ചു. റിയാലിറ്റി, ചാറ്റ് ഷോകളിലും കുട്ടികളുടെ പരിപാടികളിലും നര്‍മ്മം ചാലിച്ച അവതരണത്തോടെ സുബി ഓരോ വീടുകളുടെയും സ്വീകരണ മുറികളില്‍ ചിരിപടര്‍ത്തി. കൊവിഡ് കാലത്ത് യൂട്യൂബ് ചാനലിലൂടെ വ്ലോഗുകളുമായും സുബി എത്തി. യാത്രകളുടെയും പരിപാടികളുടെ റിഹേഴ്സലുകളുടെയും വീഡിയോകള്‍ ഇരുകൈയും നീട്ടി മലയാളികള്‍ സ്വീകരിച്ചു. വിവാഹം വേണ്ടെന്നാണ് ഏറെക്കാലമായി സുബിയുടെ തീരുമാനം. അതെല്ലാം മാറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് താരത്തിന്‍റെ അപ്രതീക്ഷിത വിയോഗം.
'ഇനി ഇടിവെട്ട് വീഡിയോകള്‍ വരും'; റാഞ്ചിയില്‍ നിന്ന് സുബിയുടെ അവസാന യുട്യൂബ് വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ