രണ്ട് വര്‍ഷം മുന്‍പാണ് സുബി സ്വന്തം യുട്യൂബ് ചാനല്‍ ആരംഭിച്ചത്.

മിനിസ്ക്രീന്‍, ബിഗ് സ്ക്രീന്‍, സ്റ്റേജ് ഷോകള്‍ തുടങ്ങി പലതരം പ്ലാറ്റ്ഫോമുകളിലൂടെ കാണികളില്‍ എപ്പോഴും ചിരി നിറച്ച കലാകാരിയാണ് സുബി സുരേഷ്. ഏറ്റവുമൊടുവില്‍ സുബി എത്തിയ പ്ലാറ്റ്ഫോം യുട്യൂബ് ആയിരുന്നു. അവിടെ സ്ഥിരമായി വീഡിയോകള്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. രണ്ട് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ആണ് സുബി സുരേഷ് ഒഫിഷ്യല്‍ എന്ന യുട്യൂബ് ചാനലിന് ഉണ്ടായിരുന്നത്. തന്‍റെ ചാനലിലൂടെ സുബി അവസാനമായി ഒരു വീഡിയോ പോസ്റ്റ് ചെയ്തത് രണ്ടാഴ്ചകള്‍ക്ക് മുന്‍പായിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് സുബി സ്വന്തം യുട്യൂബ് ചാനല്‍ ആരംഭിച്ചത്. തന്‍റെ സഹപ്രവര്‍ത്തകരുടെ വീട്ടുവിശേഷങ്ങളും പാചകവും പ്രോഗ്രാമിന് പോകുന്ന സ്ഥലങ്ങള്‍ പരിചയപ്പടുത്തലുമൊക്കെയായിരുന്നു സജീവമായ ഈ യുട്യൂബ് ചാനലില്‍ ഉണ്ടായിരുന്നത്. ഝാര്‍ഖണ്ഡില്‍ പ്രോഗ്രാമിന് പോയപ്പോള്‍ ചിത്രീകരിച്ച മൂന്ന് വീഡിയോകളാണ് ഈ ചാനലില്‍ അവസാനമായി വന്നത്. റാഞ്ചി കൈരളി സ്കൂള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പ്രോഗ്രാമിനായാണ് സുബിയും സംഘവും എത്തിയത്. സാജന്‍ പള്ളുരുത്തി, ജയദേവ്, രാഹുല്‍ അടക്കം ഏഴുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയായിരുന്നു അവിടെ നടത്തിയത്. തിരക്കുകള്‍ കാരണമാണ് വീഡിയോകള്‍ തുടര്‍ച്ചയായി വരാത്തതെന്നും ഇനി മികച്ച വീഡിയോകള്‍ ഉണ്ടാവുമെന്നും സുബി അന്ന് പറഞ്ഞിരുന്നു.

കൊച്ചി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുബി സുരേഷിന്റെ അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കരള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവെക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അന്ത്യം. സഹപ്രവര്‍ത്തകരിലും ആരാധകരിലും വലിയ ആഘാതം സൃഷ്ടിച്ചാണ് മലയാളികളെ ഏറെ ചിരിപ്പിച്ച ഈ കലാകാരിയുടെ മടക്കം. 

ALSO READ : 'ഫെബ്രുവരിയില്‍ വിവാഹം നടത്തണമെന്നാണ് പുള്ളിയുടെ ആഗ്രഹം'; സുബി അന്ന് പറഞ്ഞു

പ്രോഗ്രാമിനായി ഞങ്ങൾ ജാർഖണ്ഡിൽ എത്തിയപ്പോൾ | Jharkhand Vlog by Subi Suresh

ഇവിടത്തെ ലോക്കൽ ചന്തകൾ ഇങ്ങനെയാണോ? | Exploring Local Market in Ranchi