
കമല്‍ ഹാസന്‍ നിര്‍മ്മിച്ച് രജനികാന്ത് നായകനാവുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു തലൈവര്‍ 173 എന്ന് താല്‍ക്കാലികമായി പേരിട്ട പ്രോജക്റ്റ്. ഇക്കഴിഞ്ഞ അഞ്ചാം തീയതി ആയിരുന്നു ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. സുന്ദര്‍ സി ആണ് ചിത്രത്തിന്‍റെ സംവിധായകന്‍ എന്നത് കമല്‍ ഹാസന്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് ഈ ചിത്രത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ് സുന്ദര്‍ സി. ഇത് സംബന്ധിച്ച് ഒരു കുറിപ്പും സംവിധായകന്‍ പുറത്തിറക്കിയിട്ടുണ്ട്.
സുന്ദര്‍ സിയുടെ കുറിപ്പില്‍ നിന്ന്
ഭാരിച്ച ഹൃദയത്തോടെ ഒരു പ്രധാന വിവരം നിങ്ങളെ അറിയിക്കുകയാണ്. മുന്‍കൂട്ടി കാണാനും ഒഴിവാക്കാനുമാവാത്ത സാഹചര്യങ്ങളെ തുടര്‍ന്ന് തലൈവര്‍ 173 ല്‍ നിന്നും പിന്മാറുക എന്ന എടുക്കാന്‍ പ്രയാസമുള്ള തീരുമാനം ഞാന്‍ എടുത്തിരിക്കുകയാണ്. കമല്‍ ഹാസന്‍ നിര്‍മ്മിച്ച് രജനികാന്ത് നായകനാവുന്ന ഈ ചിത്രം എന്നെ സംബന്ധിച്ച് സ്വപ്നം യാഥാര്‍ഥ്യമാവുന്ന ഒന്നായിരുന്നു. എന്നാല്‍ ജീവിതത്തില്‍ നമുക്കുവേണ്ടി ഉള്ള പാതകളിലൂടെ നമുക്ക് സഞ്ചരിച്ചേ പറ്റൂ, അത് നമ്മുടെ സ്വപ്നങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെങ്കിലും. ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന രണ്ട് പേരാണ് ഇവര്‍. അവര്‍ക്കൊപ്പം ദീര്‍ഘകാലത്തെ പ്രവര്‍ത്തി പരിചയവുമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ഞാന്‍ എന്നും ഓര്‍മ്മയില്‍ താലോലിക്കും. വിലമതിക്കാനാവാത്ത ചില പാഠങ്ങളാണ് അവര്‍ എനിക്ക് നല്‍കിയത്. മുന്നോട്ടുള്ള യാത്രയിലും അവരില്‍ നിന്നുള്ള പ്രചോദനം ഞാന്‍ സ്വീകരിക്കും. ഈ അവസരത്തില്‍ നിന്നും പിന്മാറുകയാണെങ്കിലും അവരുടെ ശിക്ഷണം ഇനിയും ഞാന്‍ തേടും. ഈ വലിയ ചിത്രത്തിനുവേണ്ടി എന്നെ തെരഞ്ഞെടുത്തതിന് എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നന്ദി പറയുന്നു. ഈ ചിത്രത്തിനുവേണ്ടി ആവേശത്തോടെ കാത്തിരുന്നവരെ ഈ വാര്‍ത്ത നിരാശപ്പെടുത്തിയെങ്കില്‍ അവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു.
ഇത്ര വലിയ ഒരു പ്രോജക്റ്റില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം അതിന്‍റെ സംവിധായകന്‍ പിന്മാറുന്നത് അപൂര്‍വ്വമാണ്. അതേസമയം രാജ്കമല്‍ ഫിലിംസില്‍ നിന്നുമുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. രജനികാന്തിന്‍റെ കരിയറിലെ 173-ാമത്തെ ചിത്രമാണ് ഇത്. രാജ്കമല്‍ ഫിലിംസിന്‍റെ 44-ാം വര്‍ഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ്. രജനികാന്തിന്‍റെ നായകനാക്കി അരുണാചലം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള സുന്ദര്‍ സി കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയത് അന്‍പേ ശിവമാണ്. മുറൈ മാമന്‍ എന്ന ചിത്രത്തിലൂടെ 1995 ല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആളാണ് സുന്ദര്‍ സി. പിന്നീട് ഉള്ളത്തൈ അള്ളിത്താ, അരുണാചലം. അന്‍പേ ശിവം, കളകളപ്പ്, അറണ്‍മണൈ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 13 വര്‍ഷം പെട്ടിയിലിരുന്ന അദ്ദേഹത്തിന്‍റെ ചിത്രം മദഗജ രാജ ഈ വര്‍ഷം തിയറ്ററുകളിലെത്തി വലിയ വിജയം നേടിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ