Review 2021 : പുനീത് രാജ്‍കുമാറും സിരിവെണ്ണല സീതാരാമ ശാസ്‍ത്രിയും വിവേകും.., അപ്രതീക്ഷിത വിയോഗങ്ങളുടെ 2021

By Web TeamFirst Published Dec 23, 2021, 9:26 PM IST
Highlights

രണ്ടായിരത്തി ഇരുപത്തിയൊന്ന് ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് അപ്രതീക്ഷിത വിയോഗങ്ങളുടെ വര്‍ഷമാണ്.
 

മരണം ജീവിതത്തില്‍ അനിവാര്യമാകാം. പക്ഷേ ചിലപ്പോള്‍ ചില മരണങ്ങള്‍ അപ്രതീക്ഷിതമാകുമ്പോള്‍ അതുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അങ്ങനെ തെന്നിന്ത്യൻ സിനിമാ ലോകത്തെ കണ്ണീരിലാഴ്‍ത്തിയ വര്‍ഷമാണ് 2021. കന്നഡയിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായി മാറിക്കൊണ്ടിരിക്കവേയാണ് അപ്രതീക്ഷിതമായി മരണം തട്ടിയെടുത്ത പുനീത് രാജ്‍കുമാറിന്റെ (Puneeth Rajkumar) മുതല്‍ തമിഴകത്തിന്റെ സ്വന്തം ചിരി നായകൻ വിവേകിന്റെ (Vivek) വരെ വേര്‍പാടുകള്‍ അക്കൂട്ടത്തിലുണ്ട്.

പുനീത് രാജ്‍കുമാര്‍

ഒക്ടോബര്‍ 29ന് ആയിരുന്നു കന്നഡയെ മാത്രമല്ല ഇന്ത്യൻ ചലച്ചിത്രലോകത്തെയും ഞെട്ടിച്ച വാര്‍ത്ത വന്നത്. ഹൃദയാഘാതത്തെ രൂപത്തില്‍ കന്നഡ താരം പുനീത് രാജ്‍കുമാറിനെ മരണം തട്ടിയെടുത്തു. നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന്റെ മരണം ചലച്ചിത്രലോകത്തെ കണ്ണീരിലാഴ്‍ത്തി. ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകനാണ് പുനീത് രാജ്‍കുമാര്‍.

രാജ്‍കുമാറിന്റെ ചില ചിത്രങ്ങളില്‍ പുനീത് രാജ്‍കുമാര്‍ കുട്ടിയായിരിക്കെ അഭിനയിച്ചിട്ടുണ്ട്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു.  മുതിര്‍ന്നശേഷം  അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നതും. കന്നഡയില്‍ വിജയ നായകനായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അകാലവിയോഗം. 'അപ്പു' (2002), 'അഭി' (2003), 'വീര കന്നഡിഗ' (2004), 'ആകാശ്' (2005), 'ആരസു' (2007), 'മിലാന' (2007), 'വംശി' (2008), 'റാം' (2009), 'ജാക്കീ' (2010), 'ഹുഡുഗരു' (2011), 'രാജകുമാര' (2017) തുടങ്ങിവയാണ് പുനീത് രാജ്‍കുമാറിന്റെ ഹിറ്റ് ചിത്രങ്ങള്‍ .കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് പുനീത് രാജ്‍കുമാര്‍. 'ഹു വാണ്ട്‍സ് ടു ബി എ മില്ല്യണർ' എന്ന  ഷോയുടെ കന്നഡ പതിപ്പായ 'കന്നഡാഡ കോട്യാധിപതി' യിലൂടെ ടെലിവിഷൻ അവതാരകനായും ശ്രദ്ധേയനായി പുനീത് രാജ്‍കുമാര്‍.

പുനീത്  രാജ്‍കുമാറിന്റേതായി രണ്ട് ചിത്രങ്ങള്‍ പ്രഖ്യാപിച്ചതായിട്ടുണ്ട്. 'ജയിംസ്', 'ദ്വൈത്വ' എന്നീ ചിത്രങ്ങളാണ് പുനീത് രാജ്‍കുമാറിന്റേതായിട്ടുള്ളത്.  ഇതില്‍ 'ജയിംസ്' എന്ന ചിത്രം ഏകദേശം ഷൂട്ടിംഗ് കഴിയുകയും ചെയ്‍തിരുന്നെങ്കിലും റിലീസിന് തയ്യാറായിരുന്നുവോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ചേതൻകുമാര്‍ 'ജയിംസ്' എന്ന ചിത്രം സംവിധാനം ചെയ്യുമ്പോള്‍ പവൻ കുമാറിന്റെ സംവിധാനത്തിലുള്ളതായിരുന്നു 'ദ്വൈത'.

സിരിവെണ്ണല സീതാരാമ ശാസ്‍ത്രി

തെലുങ്കിലെ ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്‍ത്രിയും 2021ല്‍ വിടവാങ്ങി. അറുപത്തിയാറുകാരനായ സിരിവെണ്ണല സീതാരാമ ശാസ്‍ത്രി ഡിസംബര്‍ ഒന്നിനായിരുന്നു മരിച്ചത്.  ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം ആശുപത്രിയില്‍ വച്ച് ചൊവ്വാഴ്ചയാണ് മരണമടഞ്ഞത്.  മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തില്‍ മൂവായിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു. 2019ല്‍ പദ്‍മശ്രീ പുരസ്‍കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു.

കെ വിശ്വനാഥിന്‍റെ സംവിധാനത്തില്‍ 1984ല്‍ പുറത്തെത്തിയ 'ജനനി ജന്മഭൂമി' എന്ന ചിത്രത്തിലൂടെയാണ് സീതാരാമ ശാസ്‍ത്രിയുടെ സിനിമാ അരങ്ങേറ്റം. പാട്ടെഴുത്തുകാരന്‍ എന്നതിനൊപ്പം ചില സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുമുണ്ട് അദ്ദേഹം. 'ക്ഷണ ക്ഷണം', 'സ്വര്‍ണ്ണ കമലം', 'സ്വാതി കിരണം', 'ശ്രുതിലയലു', 'സിന്ദൂരം', 'നൂവേ കവാലി', 'ഒക്കഡു' എന്നിവയാണ് അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവ.  രാജമൗലിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രം 'ആര്‍ആര്‍ആറി'ല്‍ കീരവാണി സംഗീതം പകര്‍ന്ന 'ദോസ്‍തി' എന്ന ഗാനത്തിന്‍റെ വരികളും സിരിവെണ്ണല സീതാരാമ ശാസ്‍ത്രിയുടേതാണ്. 

വിവേക്

തമിഴകത്ത് ഒട്ടേറെ കാലം സിനിമയില്‍ ചിരിയുടെ മുഖമായിരുന്ന വിവേകിനെയും 2021 മടക്കി വിളിച്ചു. ഏപ്രില്‍ 17ന് സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അമ്പത്തിയൊമ്പതുകാരനായ വിവേകിന്റെ മരണം. 'സാമി', ശിവാജി, 'അന്യൻ' തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‍നാട്  സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‍കരം തേടിയെത്തിയിട്ടുണ്ട്.

സഞ്ചാരി വിജയ്‍


ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ്‍യുടെ (37) അപ്രതീക്ഷ മരണം ജൂണ്‍ 15നായിരുന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരിക്കെയാണ് മരണം. തമിഴ് , തെലുഗു , ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.  2015 ൽ ‘നാൻ അവനല്ല അവളു' എന്ന സിനിമയിൽ ട്രാൻസ്‌ജെൻഡർ ആയുള്ള അഭിനയത്തിനാണ് നാടക രംഗത്തും സജീവമായിരുന്ന സഞ്ചാരി വിജയ്‍യ്ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്.

കെ വി ആനന്ദ്

സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദിനെയും 2021ല്‍ നഷ്‍ടമായി.  ഹൃദയാഘാതം ഏപ്രില്‍ 30ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്‍റെ കരിയര്‍ ആരംഭിച്ച കെ വി ആനന്ദ് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടു മാറ്റുകയായിരുന്നു. 

ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ 'തേന്മാവിന്‍ കൊമ്പത്തി'ലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. 'മിന്നാരം', 'ചന്ദ്രലേഖ' തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു.  സ്വതന്ത്ര ഛായാഗ്രാഹകനായ കന്നി ചിത്രം, 'തേന്മാവിന്‍ കൊമ്പത്തി'ലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‍കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.  ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം 'കാതൽ ദേശം' ആണ്. പിന്നീട് ശങ്കറിന്‍റെ കൂടെ 'മുതല്‍വന്‍', 'ബോയ്‍സ്'. 'ശിവാജി' എന്നിങ്ങനെയുള്ള വമ്പന്‍ ഹിറ്റുകളില്‍ പങ്കാളിയായി. മലയാളും തമിഴും കൂടാതെ തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം തന്‍റെ മികവ് പകര്‍ത്തി. ഷാരുഖ് ഖാന്‍, ഐശ്വര്യ റായ് എന്നിവര്‍ ഒന്നിച്ച 'ജോഷ്', അമിതാഭ് ബച്ചന്‍റെ 'കാക്കി' തുടങ്ങിയവയാണ് ഹിന്ദിയിലെ പ്രധാന ചിത്രങ്ങള്‍.  

2005ല്‍ 'കനാ കണ്ടേല്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്‍റെ കുപ്പായത്തിലേക്ക് മാറുന്നുത്. ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവരൊന്നിച്ച ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'അയണ്‍', 'കോ, 'മാട്രാന്‍', 'കാവന്‍' തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാല്‍, സൂര്യ എന്നിവരൊന്നിച്ച 'കാപ്പാന്‍' ആണ് അവസാന ചിത്രം.

 

എസ് ശിവറാം


കന്നഡയില്‍ നിറഞ്ഞുനിന്ന ചലച്ചിത്ര നടൻ എസ് ശിവറാമും 2021ല്‍ യാത്രയായി. ആറു പതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്ന താരമാണ് ശിവറാം. നടൻ, നിര്‍മാതാവ്, സംവിധായകൻ എന്നീ നിലകളില്‍ എല്ലാം മികവ് കാട്ടിയ കലാകാരനാണ് ശിവറാം. 84 വയസായിരുന്നു. രാജ്‍കുമാറടക്കമുള്ള ഇതിഹാസ താരങ്ങള്‍ക്ക് ഒപ്പം ശിവറാം അഭിനയിച്ചിട്ടുണ്ട്. എല്ലാത്തരം വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനായിരുന്നു ശിവറാം. സഹോദരൻ രാമനാഥനുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട് ശിവറാം. രാശി ബ്രദേഴ്‍സ് എന്ന ബാനറിലായിരുന്നു നിര്‍മാണം. ബച്ചനും രജനികാന്തും ഒന്നിച്ച ചിത്രം 'ഗെറഫ്‍താര്‍' ബോളിവുഡില്‍ നിര്‍മിച്ചു. രജനികാന്ത് നായകനായ ചിത്രം 'ധര്‍മ ദുരൈ' തമിഴിലും നിര്‍മിച്ചിട്ടുണ്ട്.' ഹൃദയ സംഗമ' എന്ന ചിത്രം കന്നഡയില്‍ സംവിധാനവും ചെയ്‍തു.  കന്നഡയില്‍ മാത്രമല്ല മറ്റ് ഭാഷകളിലും മികവ് കാട്ടിയ എസ് ശിവറാമിന് കര്‍ണാടക സര്‍ക്കാര്‍ ഡോ.രാജ്‍കുമാര്‍ ലൈഫ്‍ടൈം അച്ചീവ്‍മെന്റ് പുരസ്‍കാരവും നല്‍കി.

click me!