സീക്രട്ട് ടാസ്‍കിനിടെ ബിഗ് ബോസിന്‍റെ സര്‍പ്രൈസ്! ഹൗസിലേക്ക് മറ്റൊരാള്‍

Published : Oct 08, 2025, 11:08 PM IST
surprise entry of a man amidst aryans secret task in bbms7

Synopsis

ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ ആര്യന് ഒരു സീക്രട്ട് ടാസ്ക് ലഭിച്ചു. എന്നാല്‍ സഹമത്സരാര്‍ത്ഥിയായ ഷാനവാസ് ടാസ്കിന്റെ രഹസ്യം വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി.

ബിഗ് ബോസ് മലയാളം സീസണ്‍ 7 പത്താം ആഴ്ചയില്‍ എത്തിയിരിക്കുകയാണ്. ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാല്‍ മത്സരാര്‍ഥികള്‍ക്കിടയിലെ ആവേശവും മത്സരങ്ങളുടെ കടുപ്പവും രസവുമൊക്കെ കൂടിയിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെ നല്‍കാത്ത തരത്തിലുള്ള ഒരു ടാസ്ക് ആണ് ബിഗ് ബോസ് ഇന്ന് നല്‍കിയത്. അത് ഒരു സീക്രട്ട് ടാസ്കും ആയിരുന്നു. ആര്യനാണ് ബിഗ് ബോസ് സീക്രട്ട് ടാസ്ക് നല്‍കിയത്. ബിഗ് ബോസ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഡാന്‍സ് മാരത്തണില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടിയതിനാലാണ് സീക്രട്ട് ടാസ്കിനായി താങ്കളെ തെരഞ്ഞെടുത്തതെന്ന് ബിഗ് ബോസ് ആര്യനെ അറിയിച്ചു.

കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിട്ടാണ് ടാസ്കിന്‍റെ കാര്യം ബിഗ് ബോസ് അറിയിച്ചത്. ഒരു ചെറിയ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചുകൊണ്ടായിരുന്നു ബിഗ് ബോസ് ടാസ്ക് വിശദീകരിച്ചത്. മൊബൈല്‍ ഫോണില്‍ പലപ്പോഴായി വിളിച്ച് അറിയിക്കുന്നതനുസരിച്ച് ഹൗസിലെ വിവിധ ഇടങ്ങളില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ മറ്റാരും കാണാതെയും അറിയാതെയും എടുത്ത് കഴിക്കുക എന്നതായിരുന്നു ടാസ്ക്. മറ്റാരെങ്കിലും അറിഞ്ഞാലോ പിടിക്കപ്പെട്ടാലോ താന്‍ കൈയൊഴിയുമെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.

ഇത് പ്രകാരം ആക്റ്റിവിറ്റി ഏരിയയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണം മറ്റാരും കാണാതെ കഴിച്ച് പൂര്‍ത്തിയാക്കി ആദ്യ റൗണ്ട് പൂര്‍ത്തിയാക്കിയ ആര്യനോട് അടുത്ത റൗണ്ടിനായി ഒരാളെ കൂടി വിളിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ആര്യന്‍ അക്ബറിനെ ഒപ്പം ചേര്‍ക്കുകയും ഇരുവരും ചേര്‍ന്ന് രണ്ടാം റൗണ്ട് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. അടുത്ത റൗണ്ടിനായി രണ്ട് പേരെ കൂടി ഒപ്പം ചേര്‍ക്കണമെന്നായിരുന്നു ബിഗ് ബോസിന്‍റെ അറിയിപ്പ്. ഇത് പ്രകാരം ലക്ഷ്മിയെയും സാബുമാനെയും ആര്യന്‍ ഒപ്പം കൂട്ടുകയും ആ റൗണ്ടും വിജയിക്കുകയും ചെയ്തു. അടുത്ത റൗണ്ടിനായി വീണ്ടും രണ്ട് പേരെ ചേര്‍ക്കണമായിരുന്നു.

അതിനായി ബിന്നിയെയും ഷാനവാസിനെയുമാണ് ഇവര്‍ സമീപിച്ചത്. ബിന്നി ഓകെ പറഞ്ഞെങ്കിലും ഷാനവാസിനെ തെരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റിപ്പോയെന്ന് പിന്നാലെ തെളിഞ്ഞു. ടാസ്ക് എന്താണെന്ന് മനസിലാക്കാത്ത ഷാനവാസ് ആദില, അനീഷ്, നെവിന്‍ അടക്കമുള്ളവരോട് ഇവിടെ ഒരു സീക്രട്ട് ടാസ്ക് നടക്കുന്ന കാര്യം അവതരിപ്പിച്ചു. ആക്റ്റിവിറ്റി ഏരിയയില്‍ ഒരു ഭക്ഷണസാധനവും ഒപ്പം ഒരു മനുഷ്യനും ഉണ്ടെന്നും ഭക്ഷണം കഴിക്കുകയും മനുഷ്യനെ ഒളിപ്പിക്കണമെന്നുമായിരുന്നു ബിഗ് ബോസിന്‍റെ അറിയിപ്പ്. ആക്റ്റിവിറ്റി ഏരിയയില്‍ ഉണ്ടായിരുന്ന മനുഷ്യനെ ആര്യന്‍റെ ഡ്രസ് ധരിപ്പിച്ച് സ്മോക്കിംഗ് ഏരിയയിലും പിന്നീട് ബാത്ത്റൂമിലും ഒളിപ്പിക്കാനാണ് ടീം ശ്രമിച്ചത്. ഏറെ നേരം അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?