
പമ്പ: അഞ്ചാമത്തെ വർഷവും മല ചവിട്ടി ശാസ്താവിനെ കണ്ട് തൊഴുത് തെലുങ്ക് നടൻ വരുൺ സന്ദേശ്. ടോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനായ വരുൺ സന്ദേശ് തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് ദർശനം നടത്തിയത്. ഹൈദരാബാദിൽ നിന്നും ഇരുമുടിയേന്തി വന്ന നടൻ നെയ്യഭിഷേകവും മറ്റ് വഴിപാടുകളും നടത്തിയശേഷം 4.30 ഓടെ മലയിറങ്ങി. കസിൻ അടക്കം അഞ്ചു പേരോടൊപ്പമാണ് വരുൺ എത്തിയത്.
"ഇതെന്റെ അഞ്ചാമത്തെ വരവാണ്. അയ്യപ്പഭക്തി അത്രയ്ക്കുണ്ട്. 2009 ൽ എന്റെ മുത്തച്ഛൻ തെലുങ്ക് എഴുത്തുകാരനായ ജീഡിഗുണ്ട രാമചന്ദ്ര മൂർത്തിയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്നുള്ള നേർച്ചയായിട്ടാണ് ആദ്യം മല ചവിട്ടിയത്. പിന്നീട് മൂന്ന് തവണ വന്നു. ശബരിമലയിലേക്കുള്ള ഓരോ യാത്രയും പ്രത്യേക അനുഭൂതിയാണ്," വരുൺ സന്ദേശ് പറഞ്ഞു. സന്നിധാനത്തും വഴിയിലും ഒരുക്കിയ സൗകര്യങ്ങളിൽ അദ്ദേഹം തൃപ്തനാണെന്ന് പറഞ്ഞതായി അധികൃതർ അറിയിച്ചു. ഹാപ്പി ഡേയ്സ്, കൊത്ത ബംഗാര ലോകം തുടങ്ങിയവയാണ് വരുൺ സന്ദേശിന്റെ ഹിറ്റ് സിനിമകൾ.
അതേ സമയം, മണ്ഡല മകരവിളക്ക് സീസൺ 15 ദിവസം പിന്നിടുമ്പോൾ ഇന്നലെയോടെ, ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷത്തിലേക്ക്. 12,47954 തീര്‍ത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 30 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. ഇന്ന് (ഞായറാഴ്ച) പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 50,264 പേർ മല കയറി. തിരക്ക് കുറവായതിനാൽ സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.