Thalaivar 169 : 'ബീസ്റ്റ്' ഇഷ്ടമായില്ല; 'തലൈവര്‍ 169'ല്‍ നിന്ന് നെല്‍സണെ ഒഴിവാക്കാന്‍ രജനീകാന്ത്?

Published : Apr 19, 2022, 04:39 PM ISTUpdated : Apr 22, 2022, 10:56 PM IST
Thalaivar 169 : 'ബീസ്റ്റ്' ഇഷ്ടമായില്ല; 'തലൈവര്‍ 169'ല്‍ നിന്ന് നെല്‍സണെ ഒഴിവാക്കാന്‍ രജനീകാന്ത്?

Synopsis

സണ്‍ പിക്ചേഴ്സ് ആണ് ഇരു ചിത്രങ്ങളുടെയും നിര്‍മ്മാണം

എല്ലാ വിജയ് (Vijay) ചിത്രങ്ങളെയും പോലെ വന്‍ പ്രീ- റിലീസ് ഹൈപ്പ് സൃഷ്ടിച്ച് എത്തിയ ചിത്രമായിരുന്നു ബീസ്റ്റ് (Beast). ഡോക്ടര്‍ എന്ന വന്‍ പ്രേക്ഷകപ്രീതി സൃഷ്ടിച്ച ചിത്രം ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ (Nelson Dilipkumar) ആണ് സംവിധാനം എന്നതും ആ ഹൈപ്പ് വര്‍ധിപ്പിച്ച ഒരു കാരണമാണ്. എന്നാല്‍ പ്രേക്ഷകരുടെ പ്രിയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. ആദ്യദിനം മുതല്‍ നെഗറ്റീവ് റിവ്യൂസ് പ്രവഹിക്കാന്‍ തുടങ്ങിയതോടെ ചിത്രത്തിന് പ്രതീക്ഷിച്ച കളക്ഷനിലേക്കു പോകാനും കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ നെല്‍സന്‍റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട രജനീകാന്ത് (Rajinikanth) നായകനാവുന്ന ചിത്രത്തെക്കുറിച്ചും ചില പ്രചരണങ്ങള്‍ നടക്കുകയാണ്.

രജനീകാന്തിന്‍റെ കരിയറിലെ 169-ാം ചിത്രമായ തലൈവര്‍ 159 ഫെബ്രുവരി 22 ന് ആണ് പ്രഖ്യാപിക്കപ്പെട്ടത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുക അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കുമെന്നും പ്രഖ്യാപന സമയത്ത് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ബീസ്റ്റ് കണ്ട രജനീകാന്തിന് ചിത്രം ഇഷ്ടപ്പെടാത്തതിനാല്‍ സംവിധായകനെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. സണ്‍ പിക്ചേഴ്സ് തന്നെയാണ് രജനിക്കായി ബീസ്റ്റിന്‍റെ സ്പെഷല്‍ സ്ക്രീനിംഗ് ഒരുക്കിയതെന്നാണ് വിവരം.

സമീപകാലത്ത് ഇറങ്ങിയ പല ശ്രദ്ധേയ ചിത്രങ്ങളും കണ്ടിട്ടുള്ള രജനി അണിയറക്കാരെ വിളിച്ച് അഭിനന്ദിക്കുകയോ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബീസ്റ്റ് സിനിമയെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം ഈ പ്രചരണം സത്യമാവരുതേയെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ക്കൊപ്പം നെല്‍സന് പകരം മറ്റൊരാള്‍ ക്യാമറയ്ക്കു പിന്നില്‍ എത്തണമെന്ന് കരുതുന്നവരും ഉണ്ട്. അതേസമയം നിലവിലെ പ്രചരണത്തില്‍ വാസ്തവമൊന്നുമില്ലെന്നാണ് രജനി ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനിയുമായി തിരക്കഥ ചര്‍ച്ച ചെയ്യുന്ന തിരക്കിലാണ് നെല്‍സണെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. 

ചിത്രത്തെ വിമര്‍ശിച്ച് വിജയ്‍യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പ്രതികരിച്ചു. തന്തി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ബീസ്റ്റിനെ വിമര്‍ശിച്ചത്. അറബിക് കുത്ത് പാട്ട് എത്തുന്നതു വരെ ചിത്രം താന്‍ ആസ്വദിച്ചെന്നും അതിനു ശേഷം കണ്ടിരിക്കാന്‍ പ്രേമിപ്പിക്കുന്നതായിരുന്നില്ല ചിത്രമെന്നും ചന്ദ്രശേഖര്‍ പറയുന്നു- "വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചിത്രമായിപ്പോയി ഇത്. എഴുത്തിനും അവതരണത്തിനും നിലവാരമില്ല. നവാഗത സംവിധായകര്‍ക്ക് സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഇത്. ഒന്നോ രണ്ടോ നല്ല ചിത്രങ്ങള്‍ കരിയറിന്‍റെ തുടക്കത്തില്‍ അവര്‍ ചെയ്യും. പക്ഷേ ഒരു സൂപ്പര്‍ താരത്തെ സംവിധാനം ചെയ്യാന്‍ അവസരം ലഭിക്കുമ്പോള്‍ അവര്‍ ഉദാസീനത കാട്ടും. നായകന്‍റെ താരപദവി കൊണ്ടുമാത്രം ചിത്രം രക്ഷപെടുമെന്നാണ് അവര്‍ കരുതുക", ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.

PREV
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ