മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പ്രഖ്യാപനവും നാളെ നടക്കും.

3 പതിറ്റാണ്ടിനു ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രത്തിന്റെ പൂജ നാളെ നടക്കും. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും നാളെയാണ്. 1993 ൽ പുറത്തിറങ്ങിയ 'വിധേയൻ' ആയിരുന്നു മമ്മൂട്ടി- അടൂർ കൂട്ടുകെട്ടിൽ പുറത്തറിങ്ങിയ അവസാന ചിത്രം. മമ്മൂട്ടി കമ്പനിയാണ് പുതിയ ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്‍റെ രചനാ സമയത്ത് മമ്മൂട്ടിയുടെ മുഖമാണ് കേന്ദ്ര കഥാപാത്രത്തിന്‍റെ സ്ഥാനത്ത് തന്‍റ മനസില്‍ തെളിഞ്ഞതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. അനന്തരം (1987), മതിലുകള്‍ (1990), വിധേയന്‍ (1993) എന്നിവയാണ് ഇതിനകം ചെയ്ത മൂന്ന് ചിത്രങ്ങള്‍. ഇതില്‍ മതിലുകളിലും വിധേയനിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു. മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആയാണ് മമ്മൂട്ടി അഭിനയിച്ചത്. ഈ രണ്ട് ചിത്രങ്ങളിലെയും അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങള്‍ മമ്മൂട്ടിയെ തേടി എത്തിയിരുന്നു.

അനന്തരത്തില്‍ അശോകന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സക്കറിയ എഴുതിയ ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും എന്ന നോവെല്ലയെ ആസ്പദമാക്കിയാണ് അടൂര്‍ വിധേയന്‍റെ തിരക്കഥ ഒരുക്കിയത്.

അതേസമയം 32 വര്‍ഷത്തിന് ശേഷം ഈ കോമ്പോ വീണ്ടും എത്തുമ്പോള്‍ അത് എത്തരത്തിലുള്ള ചിത്രം ആയിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്.

YouTube video player