500 കോടി മുതൽമുടക്കുള്ള ചിത്രത്തിന്റെ റിലീസ് മുടങ്ങിയത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

വിജയ് ചിത്രം ‘ജന നായകൻ’ സെൻസർ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിധി ഈയാഴ്ചയുമില്ല. മദ്രാസ് ഹൈക്കോടതി നാളെയും ഉത്തരവ് പറയില്ല. തിങ്കളാഴ്ച റിപ്പബ്ലിക് ദിന അവധി കൂടിയായതിനാൽ ജന നായകൻ റിലീസ് ഇനിയും നീളും. രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് ജന നായകൻ എത്തിയത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്നു.

500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

ദശകങ്ങളോളം നീണ്ടുനിന്ന, അപൂർവമായൊരു സിനിമാ യാത്രയ്ക്ക് ജന നായകൻ എന്ന ചിത്രത്തോടെ ഔപചാരികമായ വിരാമം കുറിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം വിജയ്. എച്ച് വിനോദ് ആണ് ചിത്രം സമവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: പ്രതീഷ് ശേഖർ. ജനനായകൻ എന്ന ഈ അവസാന അദ്ധ്യായം തിയേറ്ററുകളിൽ അനുഭവിക്കാൻ അതീവ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകവ്യാപകമായി ഭാഷക്കതീതമായി ഓരോ പ്രേക്ഷകനും വിജയ് ആരാധകരും.

YouTube video player