'തല്ലുമാല'യിലെ ആദ്യ തല്ല്; വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

Published : Sep 12, 2022, 02:41 PM IST
'തല്ലുമാല'യിലെ ആദ്യ തല്ല്; വീഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

Synopsis

ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന മണവാളന്‍ വസിം ഏര്‍പ്പെടുന്ന ആദ്യത്തെ തല്ല് രംഗം

സമീപകാലത്ത് തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് തല്ലുമാല. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രം യുവപ്രേക്ഷകരെ വലിയ രീതിയില്‍ ആകര്‍ഷിച്ച ചിത്രം കൂടിയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന്‍ സീക്വന്‍സ് ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ കോര്‍ത്തെടുത്താണ് ഖാലിദ് റഹ്‍മാന്‍ ചിത്രം ഒരുക്കിയത്. ഒരു മാസത്തെ തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷം നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒടിടി റിലീസ് ആയി ഇന്നലെ എത്തിയിരുന്നു. ചിത്രത്തിലെ ഒരു രസകരമായ രംഗം പ്രൊമോ വീഡിയോ എന്ന നിലയില്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നെറ്റ്ഫ്ലിക്സ്.

ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന മണവാളന്‍ വസിം ഏര്‍പ്പെടുന്ന ആദ്യത്തെ തല്ല് രംഗമാണ് ഇത്. പള്ളിയില്‍ വച്ച് ലുക്മാന്‍ അവറാന്‍ അവതരിപ്പിച്ച ജംഷിയുമായി ഉണ്ടാവുന്ന തര്‍ക്കം ഒരു തല്ലിലേക്ക് എത്തുകയാണ്. ഈ കഥാപാത്രങ്ങള്‍ക്കിടയില്‍ പിന്നീടുണ്ടാവുന്ന അടുത്ത സൌഹൃദത്തിന് തുടക്കമിടുന്നതും ഈ തല്ലാണ്. 

ALSO READ : ഇത് ചരിത്രം! ഹോളിവുഡ്, ചൈനീസ് ചിത്രങ്ങളെ മറികടന്ന് ആഗോള ബോക്സ് ഓഫീസില്‍ 'ബ്രഹ്‍മാസ്ത്ര'

ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത് 71.36 കോടിയാണ്. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ആയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ടായിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് ഇത്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍.

ചിത്രത്തിന്‍റെ രചന മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്.  ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും