Asianet News MalayalamAsianet News Malayalam

ഇത് ചരിത്രം! ഹോളിവുഡ്, ചൈനീസ് ചിത്രങ്ങളെ മറികടന്ന് ആഗോള ബോക്സ് ഓഫീസില്‍ 'ബ്രഹ്‍മാസ്ത്ര'

അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം

brahmastra beats give me five and bullet train became number 1 grossed movie globally this weekend
Author
First Published Sep 12, 2022, 2:17 PM IST

ബ്രഹ്‍മാസ്ത്രയുടെ ആദ്യ ദിന കളക്ഷന്‍ കണക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടപ്പോള്‍ ട്രേഡ് അനലിസ്റ്റുകളില്‍ ചിലര്‍ പ്രവചിച്ചത് നടന്നിരിക്കുന്നു. ഈ വാരാന്ത്യത്തില്‍ ലോകത്തുതന്നെ വിവിധ ഭാഷാ ചിത്രങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി അയന്‍ മുഖര്‍ജി സംവിധാനം ചെയ്‍ത ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം മാറിയിരിക്കുന്നു. ഹോളിവുഡ്, ചൈനീസ് ചിത്രങ്ങളെയൊക്കെ പിന്നിലാക്കിക്കൊണ്ടാണ് രണ്‍ബീര്‍ കപൂര്‍ നായകനായ ഈ ബോളിവുഡ് ചിത്രത്തിന്‍റെ നേട്ടം. 

റിലീസ് ദിനമായിരുന്ന വെള്ളിയാഴ്ച 75 കോടിയും ശനിയാഴ്ച 85 കോടിയും നേടിയ ചിത്രം ഞായറാഴ്ച നേടിയ കളക്ഷന്‍ ഔദ്യോഗികമായിത്തന്നെ പുറത്തെത്തിയിരുന്നു. 65 കോടിയാണ് ചിത്രം ഞായറാഴ്ച നേടിയത്. അതായത് റിലീസിന്‍റെ ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്നു മാത്രം ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 225 കോടിയാണ് ചിത്രത്തിന്‍റെ നേട്ടം. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കളക്ഷന്‍ കണക്കാണ് ഇത്. പല ട്രേഡ് അനലിസ്റ്റുകളാലും പ്രവചിക്കപ്പെട്ടിരുന്നതുപോലെ ചൈനീസ് ചിത്രം ഗിവ് മി ഫൈവിനെയാണ് ചിത്രം രണ്ടാം സ്ഥാനത്തേക്ക് തള്ളിയത്. 

സൌത്ത് കൊറിയന്‍ ആക്ഷന്‍ ചിത്രം കോണ്‍ഫിഡന്‍ഷ്യല്‍ അസൈന്‍മെന്‍റ് 2: ഇന്‍റര്‍നാഷണല്‍, ഹോളിവുഡ് ഹൊറര്‍ ചിത്രം ബാര്‍ബേറിയന്‍, ബ്രാഡ് പിറ്റ് നായകനായ ഹോളിവുഡ് ആക്ഷന്‍ കോമഡി ചിത്രം ബുള്ളറ്റ് ട്രെയിന്‍ എന്നിവയാണ് ആ​ഗോള ബോക്സ് ഓഫീസില്‍ ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ തുടര്‍ സ്ഥാനങ്ങളിലുള്ള ചിത്രങ്ങള്‍. ഒരു ബോളിവുഡ് ചിത്രം ചരിത്രത്തില്‍ ആദ്യമായാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. കൊവിഡ് കാലത്തിനു ശേഷം വന്‍ തകര്‍ച്ച നേരിട്ട ബോളിവുഡ് സിനിമാ വ്യവസായത്തിന് വലിയ ഉണര്‍വ്വാണ് ബ്രഹ്‍മാസ്ത്രയുടെ വിജയം പകരുന്നത്.

 

അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയെക്കുറിച്ച് അയന്‍ മുഖര്‍ജി പറഞ്ഞത്

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്‍മാസ്ത്ര എന്നിങ്ങനെയാണ് ആ അസ്ത്രവേഴ്സ്. ഇതിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1- ശിവ. ഹിമാലയന്‍ താഴ്വരയില്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം യോഗികളില്‍ നിന്നാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം. യോഗികളുടെ ധ്യാനത്തില്‍ സന്തുഷ്ടരായ ദേവകളുടെ സമ്മാനമായാണ് വിവിധ അസ്ത്രങ്ങള്‍ ലോകര്‍ക്ക് ലഭിക്കുന്നത്. പഞ്ചഭൂതങ്ങളെ അധികരിച്ചുള്ളതാണ് ഈ അസ്ത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയതാണ് ബ്രഹ്‍മാസ്ത്ര. ഈ അസ്ത്രങ്ങളുടെ സംരക്ഷകരുടെ സമൂഹമാണ് ബ്രഹ്‍മാഞ്ജ്. സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ സമൂഹം കൂടിയാണ് ഇത്. മാറിയ ലോകത്തും ഈ ബ്രഹ്‍മാഞ്ജ് ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഈ ഫ്രാഞ്ചൈസി പറയുന്നത്. ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണ്.

Follow Us:
Download App:
  • android
  • ios