'കശ്‍മീര്‍ ഫയല്‍സ്' സംവിധായകന്‍ വിവേക് അഗ്നിഹോത്രി കേരളത്തില്‍ എത്തുന്നു

By Web TeamFirst Published Apr 20, 2022, 4:01 PM IST
Highlights

കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം

ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സിന്‍റെ (The Kashmir Files) സംവിധായകന്‍ വിവേക് അഗ്നിഹോത്രി (Vivek Agnihotri) കേരളത്തില്‍ എത്തുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഏപ്രില്‍ 27 ന് ആണ് സമ്മേളനം ആരംഭിക്കുക. ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥി ആയിരിക്കും വിവേക് അഗ്നിഹോത്രി.

അതേസമയം ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ചയായ ബോളിവുഡ് ചിത്രമാണ് ദ് കശ്മീര്‍ ഫയല്‍സ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസില്‍ സര്‍പ്രൈസ് ഹിറ്റും ആയിരുന്നു. 18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. ചിത്രം ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയ്‍ന്‍, നടി സ്വര ഭാസ്കര്‍ തുടങ്ങി നിരവധി വ്യക്തികളും ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഈ മാസം 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ നേടിയ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു.   2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയും വര്‍ധിച്ചിരുന്നു. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ, ആമിര്‍ ഖാന്‍ നായകനായ ദംഗലിനെ (Dangal) എട്ടാം ദിന കളക്ഷനില്‍ മറികടക്കുകയും ചെയ്‍തിരുന്നു ചിത്രം. ദംഗലിന്‍റെ എട്ടാംദിന കളക്ഷന്‍ 18.59 കോടി ആയിരുന്നെങ്കില്‍ കശ്‍മീര്‍ ഫയല്‍സ് ഇതേ ദിനത്തില്‍ നേടിയിരിക്കുന്നത് 19.15 കോടി ആയിരുന്നു.

അതേസമയം ചിത്രത്തിന്‍റെ അണിയറക്കാര്‍ പുതിയൊരു പ്രോജക്റ്റിനു വേണ്ടിയും ഒന്നിക്കുകയാണ്. ദ് കശ്മീര്‍ ഫയല്‍സ് നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സും ഐ ആം ബുദ്ധ പ്രൊഡക്ഷനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. തേജ് നാരായൺ അഗർവാൾ  അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് അഗർവാൾ, കശ്‍മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് ​​രഞ്ജൻ അഗ്നിഹോത്രി, പല്ലവി ജോഷി എന്നിവർ ചേർന്നാണ്. 

click me!