
ബോളിവുഡ് സിനിമാലോകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബ്രഹ്മാസ്‍ത്ര ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ശിവ (Brahmāstra Part One: Shiva). ഫാന്‍റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും അയന്‍ മുഖര്‍ജിയാണ്. ചിത്രത്തിന്‍റെ ട്രെയ്ലര്‍ കഴിഞ്ഞ മാസം പുറത്തെത്തിയിരുന്നു. വന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലറിലെ വിഎഫ്എക്സിന് നിലവാരം പോരെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ശ്രമമെന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആശയം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ബ്രഹ്‍മാസ്ത്ര ദ് വിഷന്‍ എന്ന ടൈറ്റിലില്‍ ഇറക്കിയ വീഡിയോയിലാണ് അയന്‍ മുഖര്‍ജി ചിത്രത്തിന്‍റെ ആശയത്തെക്കുറിച്ചും ഈ ഫ്രാഞ്ചൈസിയുടെ ഘടനയെക്കുറിച്ചും പറയുന്നത്.
ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്‍മാസ്ത്ര എന്നിങ്ങനെയാണ് ആ അസ്ത്രവേഴ്സ്. ഇതിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1- ശിവ. ഹിമാലയന്‍ താഴ്വരയില്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം യോഗികളില്‍ നിന്നാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം. യോഗികളുടെ ധ്യാനത്തില്‍ സന്തുഷ്ടരായ ദേവകളുടെ സമ്മാനമായാണ് വിവിധ അസ്ത്രങ്ങള്‍ ലോകര്‍ക്ക് ലഭിക്കുന്നത്. പഞ്ചഭൂതങ്ങളെ അധികരിച്ചുള്ളതാണ് ഈ അസ്ത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയതാണ് ബ്രഹ്‍മാസ്ത്ര. ഈ അസ്ത്രങ്ങളുടെ സംരക്ഷകരുടെ സമൂഹമാണ് ബ്രഹ്‍മാഞ്ജ്. സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ സമൂഹം കൂടിയാണ് ഇത്. മാറിയ ലോകത്തും ഈ ബ്രഹ്‍മാഞ്ജ് ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഈ ഫ്രാഞ്ചൈസി പറയുന്നത്, അയന്‍ മുഖര്‍ജി വിശദീകരിക്കുന്നു. ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണെന്നും പറയുന്നു അദ്ദേഹം. സെപ്റ്റംബര്‍ 9 ന് ചിത്രം തിയറ്ററുകളില്‍ എത്തും.