
സല്‍മാന്‍ ഖാന്‍ ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രം ടൈഗര്‍ 3 ന്റെ റിലീസ് നീട്ടി. ഈദ് റിലീസ് ആയി അടുത്ത വര്‍ഷം ഏപ്രിലില്‍ എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം ആ സമയത്ത് എത്തില്ലെന്നാണ് നിര്‍മ്മാതാക്കളുടെ പുതിയ അറിയിപ്പ്. മറിച്ച് 2023 ദീപാവലിക്ക് ചിത്രം തിയറ്ററുകളില്‍ എത്തും. നവംബര്‍ രണ്ടാം വാരമാണ് അടുത്ത വര്‍ഷത്തെ ദീപാവലി.
ആക്ഷന്‍ സ്പൈ ചിത്രങ്ങള്‍ അടങ്ങുന്ന യഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമാണ് സല്‍മാന്‍ ഖാന്‍ നായകനാവുന്ന ടൈഗര്‍ ഫ്രാഞ്ചൈസി. അവിനാശ് സിംഗ് റാത്തോര്‍ എന്ന, റോയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്പൈ ഏജന്റ് ആണ് സല്‍മാന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം. കബീര്‍ ഖാന്‍ സംവിധാനം ചെയ്‍ത ഏക് ഥാ ടൈഗര്‍ ആയിരുന്നു ഈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. 2012 ല്‍ ആയിരുന്നു ഇതിന്റെ റിലീസ്. 2014 ല്‍ പുറത്തെത്തിയ ടൈഗര്‍ സിന്താ ഹെ ആയിരുന്നു ഇതിന്‍റെ രണ്ടാം ഭാഗം. അലി അബ്ബാസ് സഫര്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധാനം.
മൂന്നാം ഭാഗമായ ടൈഗര്‍ 3 ന്‍റെ സംവിധാനം മനീഷ് ശര്‍മ്മയാണ്. സോയ ഹുമൈനി എന്ന നായികാ കഥാപാത്രമായി കത്രീന കൈഫും ചിത്രത്തില്‍ ഉണ്ടാവും. ആദിത്യ ചോപ്ര, ആകാശ് സോളങ്കി, ശ്രീധര്‍ രാഘവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാന്‍റെയും കത്രീനയുടെയും മികവുറ്റ ചില സംഘട്ടന രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാന്‍റെ അതിഥി വേഷവും ചിത്രത്തെക്കുറിച്ച് സിനിമാപ്രേമികള്‍ക്കിടയില്‍ താല്‍പര്യമുണ്ടാക്കുന്ന ഘടകമാണ്. തെലുങ്ക് ചിത്രം ഗോഡ്‍ഫാദറിലാണ് സല്‍മാന്‍ ഖാന്‍ അവസാനമായി എത്തിയത്. ചിരഞ്ജീവി നായകനായ ചിത്രത്തില്‍ അതിഥിവേഷത്തിലായിരുന്നു സല്‍മാന്‍.