ആഗോള ബോക്സ് ഓഫീസില്‍ 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം
സമീപകാല കരിയറില്‍ ജയറാമിന് ലഭിച്ച ഏറ്റവും മികച്ച വേഷമായിരുന്നു പൊന്നിയിന്‍ സെല്‍വനിലെ ആഴ്വാര്‍ കടിയാന്‍ നമ്പി. താരബാഹുല്യം തന്നെയുള്ള മണി രത്നത്തിന്‍റെ സ്വപ്‍ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും മിഴിവേറിയ വ്യക്തിത്വമുണ്ടായിരുന്നു. അവരുടെയൊക്കെ ഗെറ്റപ്പുകളും ഏറെ പ്രത്യകതയുള്ളതായിരുന്നു. ചോള സാമ്രാജ്യത്തിന്‍റെ മുഖ്യമന്ത്രി അനിരുദ്ധ ബ്രഹ്‍മരായന്‍റെ ചാരനും ദൂതനുമൊക്കെയാണ് ജയറാം അവതരിപ്പിച്ച നമ്പി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഗെറ്റപ്പുകള്‍ മണി രത്നവും സംഘവും തീരുമാനിച്ചത് ദീര്‍ഘനാള്‍ നീണ്ട റിസര്‍ച്ചിനു ശേഷമാണ്. ഇപ്പോഴിതാ ആഴ്വാര്‍ കടിയാനുവേണ്ടി ആദ്യം ആലോചിച്ച ലുക്കുകളില്‍ ഒന്ന് പുറത്തുവിട്ടിരിക്കുകയാണ് ജയറാം.
ക്ലീന്‍ ഷേവ് ചെയ്‍ത്, കുടുമ ഒരു വശത്തേക്ക് കെട്ടിവച്ച ഗെറ്റപ്പ് ആണ് സിനിമയിലെ നമ്പിക്കെങ്കില്‍ ജയറാം പങ്കുവച്ചിരിക്കുന്ന ഗെറ്റപ്പ് തീര്‍ത്തും വ്യത്യസ്തമാണ്. താടിയും മീശയുമൊക്കെയുണ്ട് ഈ കഥാപാത്രത്തിന്. കുടുമ ഇല്ലതാനും. ഈ കഥാപാത്രത്തിനുവേണ്ടി നിരവധി ലുക്കുകള്‍ പരീക്ഷിച്ചിരുന്നുവെന്ന് പോസ്റ്റില്‍ ജയറാം തന്നെ പറയുന്നുണ്ട്.
ALSO READ : 'റാമി'ന്‍റെ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍; ഇനി മൊറോക്കോ, ടുണീഷ്യ, കൊച്ചി
ആഗോള ബോക്സ് ഓഫീസില്‍ 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം തമിഴ്നാട് കളക്ഷനില്‍ റെക്കോര്‍ഡും ഇട്ടിട്ടുണ്ട്. തമിഴ്നാട്ടില്‍ എക്കാലത്തെയും ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ സിനിമ എന്ന ടൈറ്റിലാണ് പൊന്നിയിന്‍ സെല്‍വന് ലഭിച്ചിരിക്കുന്നത്. കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിക്രത്തെയാണ് മണി രത്നം ചിത്രം മറികടന്നത്. വിക്രം തമിഴ്നാട്ടില്‍ നിന്ന് നേടിയ ലൈഫ് ടൈം കളക്ഷന്‍ 180.90 കോടി ആയിരുന്നെങ്കില്‍ വെറും 14 ദിവസങ്ങള്‍ കൊണ്ടാണ് പിഎസ് 1 അതിനെ മറികടന്നത്. 183 കോടിയാണ് രണ്ടാഴ്ച കൊണ്ട് ചിത്രം തമിഴ്നാട്ടില്‍ നിന്ന് നേടിയത്.
രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവര്‍മ്മന്‍ എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ഫ്രാഞ്ചൈസിയിലെ രണ്ട് ഭാഗങ്ങളുടെയും കൂടിയുള്ള നിര്‍മ്മാണച്ചെലവ്.
