'അമ്മ' കൊടുത്തത് അഞ്ച് കോടിയല്ല, അഞ്ച് കോടി 90 ലക്ഷം; 'ഒരു തെറ്റും ചെയ്യാത്ത വീട്ടിലിരിക്കുന്ന അമ്മയെവരെ തെറിവിളിച്ചു'

By Web TeamFirst Published Aug 21, 2019, 8:13 PM IST
Highlights

പ്രളയ ദുരിതാശ്വാസ നിധിയിലെ പണത്തിന്‍റെ വിനിയോഗം സംബന്ധിച്ച തര്‍ക്കങ്ങളില്‍ വിശദീകരണവുമായി നടന്‍ ടിനി ടോം. 

പ്രളയ ദുരിതാശ്വാസ നിധിയിലെ പണത്തിന്‍റെ വിനിയോഗം സംബന്ധിച്ച തര്‍ക്കങ്ങളില്‍ വിശദീകരണവുമായി നടന്‍ ടിനി ടോം. കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന നടന്‍ ധര്‍മജന്റെ പ്രതികരണത്തിന് പിന്നാലെയാണ് ടിനി ടോമും ചിത്രത്തിലേക്ക് വരുന്നത്. 

താരസംഘടനയായ 'അമ്മ'  അഞ്ച് കോടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്നും പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ധര്‍മജനെ പിന്തുണച്ചുകൊണ്ടായിരുന്നു ടിനി ടോമിന്‍റെ പ്രതികരണം.

സൈബറിടത്തില്‍ രൂക്ഷമായ ഭാഷയിലാണ് ഇരുവര്‍ക്കുമെതിരെ പ്രതികരണമുയര്‍ന്നത്.  അഞ്ചു കോടി നൽകിയിരുന്നില്ലെന്നും അത്രയും പണം നല്‍കിയെന്നത് വെറും തള്ളാണെന്നും ആരോപിച്ച് നിരവധി പോസ്റ്റുകളും പുറത്തുവന്നു. ഇതോടെയാണ് ടിനി ടോം കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
 
 ‘അമ്മ’  കൊടുത്തത് അഞ്ച് കോടിയല്ല, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും എന്നാണ്  ടിനി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. ഇത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. 

നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും. പ്രളയം അനുഭവിച്ച ആളാണ് ഞാൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ പ്രവർത്തനം ഇനിയും തുടരും. ഒരിക്കലും കണക്ക് പറഞ്ഞതല്ലെന്നും അനുഭവിച്ചവര്‍ക്കേ അതിന്‍റെ വേദന അറയൂ എന്നും ടിനി പറയുന്നു.

click me!