മരണമാസില്‍ 'ഡെഡ് ബോഡിയായി ക്യാമിയോ' ചെയ്തത് എന്തിന്; കാരണം വ്യക്തമാക്കി ടൊവിനോ

Published : May 12, 2025, 09:25 AM IST
മരണമാസില്‍ 'ഡെഡ് ബോഡിയായി ക്യാമിയോ' ചെയ്തത് എന്തിന്; കാരണം വ്യക്തമാക്കി ടൊവിനോ

Synopsis

മരണമാസ് എന്ന ചിത്രത്തിൽ ടൊവിനോ തോമസ് ഒരു ശവത്തിന്റെ വേഷം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തുന്നു.

കൊച്ചി: വിഷുക്കാലത്ത് ഇറങ്ങിയ ചിത്രമാണ് മരണമാസ്. ഏപ്രില്‍ 10ന് റിലീസ് ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവഗതനായ ശിവ പ്രസാദ് ഒരുക്കിയ ചിത്രം ഒരു ബ്ലാക്ക് കോമഡി ആയിരുന്നു. ബേസില്‍ ജോസഫ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തി. 

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിച്ചത്. ചിത്രത്തില്‍ ഒരു 'ശവ'ത്തിന്‍റെ റോളില്‍ ടൊവിനോ ഒരു ക്യാമിയോ ചിത്രത്തില്‍ നടത്തിയിരുന്നു. തീയറ്ററില്‍ ഏറെ ചിരി ഉണര്‍ത്തിയ സന്ദര്‍ഭമായിരുന്നു ഇത്. 

ഇപ്പോള്‍ എന്തുകൊണ്ട് ഈ വേഷം ചെയ്തുവെന്ന് വിശദീകരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ടൊവിനോ. തന്‍റെ പുതിയ ചിത്രം 'നരിവേട്ടയുടെ' പ്രമോഷന്‍ പരിപാടിക്കിടെയാണ് ടൊവിനോ ഇത് പറഞ്ഞത്. 

"മരണമാസ്സിൽ ഡെഡ് ബോഡിയായിട്ട് വന്നഭിനയിക്കാമോ ഒരു ഷോട്ട് എന്നുപറഞ്ഞ് ആരേയും വിളിക്കാന്‍ പറ്റില്ലല്ലോ. അപ്പോള്‍ കമ്പനി ആര്‍ട്ടിസ്റ്റ് ആയിട്ട് ഞാന്‍ തന്നെ ഉണ്ടല്ലോ. ഇതിപ്പോള്‍ ആരോടും ചോദിക്കുകയും പറയുകയും വേണ്ടല്ലോ. ഞാന്‍ തന്നെ കയറി കിടന്നാല്‍ മതിയല്ലോ. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് പെട്ടിയില്‍ കിടന്ന് ഞാൻ ഉറങ്ങിപ്പോയിട്ടുണ്ട്" ടൊവിനോ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ടൊവിനോ ഈ വേഷം ചെയ്തതിനെക്കുറിച്ച് സംവിധായകന്‍ ശിവ പ്രസാദ് പ്രതികരിച്ചിരുന്നു. "ചിത്രത്തില്‍ ടൊവിനോയെക്കൊണ്ട് ഒരു ക്യാമിയോ, അതായത് ഇന്ന് ചിത്രത്തില്‍ കാണുന്നത് ചെയ്യിക്കണം എന്ന് എഴുതുന്ന സമയത്ത് തന്നെ തീരുമാനിച്ചതാണ്. അങ്ങനെ ആലോചിക്കുന്നത് വളരെ ഈസിയാണ്. എന്നാല്‍ അത് ഞാന്‍ ചെയ്യാം എന്ന് ആ താരം പറയുന്നതാണ് ശരിക്കും എക്സൈറ്റ് ചെയ്യിപ്പിച്ചത്. 

ടൊവിനോയെപ്പോലെ ഇത്രയും താരമൂല്യമുള്ള ഒരാള്‍ ഇത്തരം ഒരു തീരുമാനം എടുക്കുന്നത് ശരിക്കും ആവേശം തന്നെയാണ്. ടൊവിനോയ്ക്ക് ആ കോമഡി വര്‍ക്കായത് കൊണ്ടാണ് ആ വേഷം ചെയ്യാം എന്ന് പറഞ്ഞത്. ഈ സിനിമ നടക്കാനുള്ള പ്രധാന കാരണവും ഈ ചിത്രത്തിലെ കോമഡി ടൊവിനോയ്ക്ക് മനസിലായി എന്നയിടത്താണ്. ഇത്തരം ഒരു സിനിമ നിര്‍മ്മിക്കാന്‍ എടുത്ത തീരുമാനം തന്നെ വലുതാണ് എന്നാണ് ഞാന്‍ കരുതുന്നത്. അതേ സമയം സിനിമയില്‍ വിശ്വാസമുള്ള ഒരാളുടെ അടുത്ത് ഇത്തരം ഒരു റോളുമായി പോകുമ്പോള്‍ അത് വേഗം മനസിലാകുകയായിരുന്നു" ശിവ പ്രസാദ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ