ദിലീപ് നായകനായി എത്തിയ 'ഭയം ഭക്തി ബഹുമാനം' (ഭഭബ) എന്ന ചിത്രം ധനഞ്ജയ് ശങ്കറിന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ അതിഥി വേഷവും ശ്രദ്ധനേടി.
നടി ആക്രമിക്കപ്പെട്ട കേസും വിധിയും തുടർന്ന് നടക്കുന്ന വിവാദങ്ങൾക്കുമിടെയാണ് ദിലീപ് നായകനായി എത്തിയ ഭ.ഭബ എന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നു എന്നതാണ് പ്രധാന യുഎസ്പി. ഒപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചിത്രലുണ്ട്. ഫസ്റ്റ് ഷോ കഴിഞ്ഞതിന് പിന്നാലെ പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകർ. ഭഭബ ഒരു എന്റർടെയ്നറാണെന്നാണ് പ്രേക്ഷക പക്ഷം.
ചിത്രത്തിന് കൂടുതലും വരുന്നത് സമ്മിശ്ര പ്രതികരണങ്ങളാണ്. മോഹൻലാൽ- ദിലീപ് കോമ്പോയിലെ രംഗങ്ങളാണ് പ്രേക്ഷകർക്ക് ഏറെയും കണക്ടായിരിക്കുന്നത്. ഇവരുടെ ഡാൻസും ആക്ഷൻ സ്വീക്വൻസുകളും രസകരമായി ചെയ്തിട്ടുണ്ടെന്നും പ്രേക്ഷകർ പറയുന്നു. മോഹൻലാലിന്റെ ഇൻട്രോ സീനിന് വലിയ കയ്യടിയാണ് തിയറ്ററുകളിൽ ലഭിക്കുന്നത്. 'ദ റിയൽ ഒജി' എന്ന ഹാഷ്ടാഗും സോഷ്യലിടത്ത് ട്രെന്റിങ്ങായി മാറിയിട്ടുണ്ട്. വിജയ് ചിത്രം ഗില്ലിയിലെ റഫറൻസും, വിജയിയുടെ ചില സ്റ്റൈലുകളും മോഹൻലാലിന്റെ കഥാപാത്രത്തിലുണ്ട്. ഇത് രണ്ടും ബന്ധിപ്പിച്ചുള്ള പോസ്റ്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഗില്ലി ബാബു എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്.
ഒരുവശത്ത് ഭേതപ്പെട്ട പ്രതികരണം ലഭിക്കുമ്പോൾ മറുവശത്ത് നെഗറ്റീവ് റിവ്യുകളും വരുന്നുണ്ട്. 'ടാഗ്‌ലൈൻ സൂചിപ്പിക്കുന്നത് പോലെ, മാഡ്നെസ് ആണ് ചിത്രം. എന്നാൽ ആ ലോകം സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടില്ലെന്ന് പറയാം. പല രംഗങ്ങളിലും ശാശ്വതമായ ഒരു മതിപ്പ് അവശേഷിപ്പിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്', എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ പ്രതികരണം.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രമാണ് ഭഭബ. ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പൂർണരൂപം. താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും, കോമെഡിയൻ റെഡ്‌ഡിങ് കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്.ബാലു വർഗീസ്,ബൈജു സന്തോഷ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ.



