
കൊച്ചി: ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന "നരിവേട്ട" റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. സെൻസർ ബോർഡിൻറെ മികച്ച പ്രതികരണത്തോടെ യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമായത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട..' എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ഘടകങ്ങളാണ് സോഷ്യൽ മീഡിയിലിപ്പോൾ ചർച്ചയായത്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.
ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട'യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് ഇടം പിടിച്ചിട്ടുണ്ട്. നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ് എന്റർടൈൻമെന്റ് ആണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ