സ്വാർത്ഥലാഭങ്ങൾക്കായി മനുഷ്യർ വേർതിരിവുകൾ സൃഷ്ടിക്കുകയാണെന്നും ഓരോ വ്യക്തിയുടെയും ഉള്ളിലെ നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ നന്മ ജയിക്കുന്നതാണ് യഥാർത്ഥ സംസ്കാരമെന്നും മമ്മൂട്ടി
മതത്തിന്‍റെ പേരിലുള്ള അസഹിഷ്ണുത പെരുകുന്ന കാലത്ത് മനുഷ്യര്‍ തമ്മില്‍ ഉണ്ടാവേണ്ട പരസ്പരവിശ്വാസത്തെക്കുറിച്ച് സംസാരിച്ച് മമ്മൂട്ടി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സമാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മള്‍ ഇവിടെ പലപ്പോഴും നമ്മുടെ മതേതരത്വം അല്ലെങ്കില്‍ മതസഹിഷ്ണുത എന്നൊക്കെ പറഞ്ഞാണ് ഇപ്പോള്‍ സംസ്കാരത്തെപ്പറ്റി ഏറ്റവും കൂടുതല്‍ പറയുന്നത്. പക്ഷേ മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം. മതത്തില്‍ വിശ്വസിച്ചോട്ടെ, വിരോധമില്ല. പക്ഷേ നമ്മള്‍ പരസ്പരം വിശ്വസിക്കണം. പരസ്പരം നമ്മള്‍ കാണേണ്ടവരാണ്. പരസ്പരം ഒന്നിച്ച് ജീവിക്കേണ്ടവരാണ്”, മമ്മൂട്ടിയുടെ വാക്കുകള്‍
“നമ്മള്‍ എല്ലാവരും ഒരേ വായു ശ്വസിച്ച്, ഒരേ സൂര്യ വെളിച്ചത്തിന്‍റെ ഊര്‍ജ്ജം കൊണ്ട് ജീവിക്കുന്നവരാണ്. സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല. രോഗങ്ങള്‍ക്കുമില്ല. പക്ഷേ നമ്മള്‍ ഇതിലെല്ലാം ഒരുപാട് വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് നമ്മുടെ സ്വാര്‍ഥ ലാഭത്തിന് വേണ്ടി തന്നെയാണ് എന്നാണ് എന്‍റെ വിശ്വാസം. ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളും ഓരോ കാര്യങ്ങളും ഉണ്ടാവാം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതില്‍. മനുഷ്യര്‍ സ്നേഹത്തില്‍ തന്നെയാണ് അവസാനിക്കുന്നത്. ലോകമുണ്ടായ കാലം മുതല്‍ നമ്മള്‍ പരസ്പരം പറയുന്നത് സ്നേഹത്തെപ്പറ്റിയാണ്. നമ്മുടെ സ്നേഹം ഉണ്ടാവുന്നത് തന്നെ മനുഷ്യന്‍റെ ഉള്ളില്‍ത്തന്നെയുള്ള നമ്മുടെ ശത്രുവിനെ, നമ്മളിലുള്ള പൈശാചികമായ ഭാവത്തെ ദേവഭാവത്തിലേക്ക് തിരിച്ചറിയുമ്പോഴാണ് നമ്മള്‍ മനുഷ്യരാവുന്നത്. നിങ്ങള്‍ മനുഷ്യനപ്പുറത്തേക്ക് വളരുന്നത്, നമ്മള്‍ ദേവഭാവത്തിലേക്ക് എത്തുന്നത്”, മമ്മൂട്ടി പറയുന്നു.
“പക്ഷേ അപൂര്‍വ്വം ചില ആളുകള്‍ക്കേ ഉള്ളൂ ആ സിദ്ധി. പക്ഷേ എല്ലാ മനുഷ്യര്‍ക്കും സിദ്ധിച്ചേക്കാവുന്ന ഒരു സിദ്ധി തന്നെയാണ് അത്. ലോകം മുഴുവന്‍ അങ്ങനെ ആകണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നത് ഒരു അത്യാഗ്രഹമാണ്. അങ്ങനെ നടക്കില്ല. വളരെ ലോലമനസ്കര്‍ ആയവര്‍ പൈശാചികഭാവത്തിന് കീഴടങ്ങിപ്പോവുന്ന അവസരങ്ങള്‍ ഉണ്ടാവാം. നമ്മളില്‍ത്തന്നെയുള്ള നന്മയും തിന്മയും തമ്മിലുള്ള ഈ യുദ്ധത്തില്‍ നമ്മള്‍ ജയിച്ചാല്‍ മാത്രമേ ഈ ലോകത്ത് നന്മ ഉണ്ടാവുകയുള്ളൂ. അത് തന്നെയാണ് നമ്മുടെ സംസ്കാരം എന്ന് പറയുന്നത്. ആ സംസ്കാരം തന്നെ തുടരട്ടെ. ആ യുദ്ധം നടക്കട്ടെ. യുദ്ധത്തില്‍ നമുക്കെല്ലാവര്‍ക്കും വിജയിക്കാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു”, മമ്മൂട്ടി പറഞ്ഞവസാനിപ്പിച്ചു.



