
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്‍റി 20 യുടെ സ്ഥാനാര്‍ഥിപ്പട്ടികയിൽ സെലിബ്രിറ്റികളുടെ വലിയ നിര തന്നെയുണ്ട്. ചലച്ചിത്ര താരമായ അഞ്ജലി നായരാണ് അവരിലൊരാൾ. തൃപ്പൂണിത്തുറയിലാണ് അഞ്ജലി നായര്‍ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്റെ പ്രചാരണങ്ങളെക്കുറിച്ചും രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ടുള്ള അഞ്ജലിയുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. മരണവീട്ടിൽ ചെന്നപ്പോളുണ്ടായ അനുഭവം വിവരിച്ചുകൊണ്ടുള്ള അഞ്ജലിയുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിക്കഴിഞ്ഞു.
''ഒരു വീട്ടിൽ പ്രചാരണത്തിന് ചെന്നപ്പോൾ അടുത്തുള്ള ഒരു വീട്ടിൽ ഒരു മരണം ഉണ്ടായി എന്നറിഞ്ഞു. മരണം ഉണ്ടാകുമ്പോൾ നമ്മളുടെ പ്രോട്ടോക്കോൾ അനുസരിച്ച് അവിടെ എത്തിച്ചേരണം എന്നുള്ളതാണ്. അത് എത്ര ദൂരെയുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ പോലും. അങ്ങനെ അവിടെ പോയി. കുറച്ചു നേരം ആ അച്ഛനെ നോക്കി ഇരുന്നു. അപ്പോൾ അവിടത്തെ മകൾ വന്ന് എന്നോട് പറഞ്ഞൊരു കാര്യം ഉണ്ട്. ഒൻപതാം തീയതി ആകാൻ വേണ്ടി അച്ഛൻ കാത്തിരിക്കുകയായിരുന്നു, മോൾക്ക് വേണ്ടിയിട്ട് ഒരു വോട്ട് തരാൻ. അത് ഇവിടെ എന്നും ചർച്ചയിൽ പറയുന്ന ഒരു കാര്യം ആണ്. പക്ഷേ, അതിനു മുൻപ് ആ അച്ഛൻ പോയി എന്ന്. അത്രയും പ്രായമുള്ള ആ ഒരു അച്ഛൻ എനിക്ക് വേണ്ടി ദിനങ്ങൾ എണ്ണിക്കഴിഞ്ഞിരുന്നെങ്കിൽ, ആ മൊത്തം തൃപ്പുണിത്തുറ നാട് മുഴുവനായും എനിക്കു വേണ്ടി നിന്നിട്ടുണ്ടെങ്കിൽ അത് എന്റെ അഭിനയം കൊണ്ട് നടക്കില്ല'', എന്നാണ് അഞ്ജലി നായർ പറഞ്ഞത്.
ആളുകൾ ഇപ്പോൾത്തന്നെ എംഎൽഎ എന്നാണ് തന്നെ വിളിക്കാറ് എന്നും അഞ്ജലി പറയുന്നു. ''രാത്രി പാർട്ടിക്കാരോടൊപ്പമാണ് ഭക്ഷണം കഴിക്കാറ്. അങ്ങനെ പോകുമ്പോൾ, എംഎൽഎ ആദ്യം കഴിക്കട്ടെ എന്ന് അവർ പറയാറുണ്ട്. എംഎൽഎയോ? എന്ന് ഞാൻ തിരിച്ച് ചോദിക്കുമ്പോൾ, ഞങ്ങളുടെയൊക്കെ എംഎൽഎയാണ് എന്നാണ് അവർ പറയാറ്. എല്ലാവരും എന്നെ വിളിക്കുന്നത് അങ്ങനെയാണ്. അവർ ഉറപ്പിച്ചുകഴിഞ്ഞു'', അഞ്ജലി കൂട്ടിച്ചേർത്തു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു അഞ്ജലിയുടെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ