ജീവിതത്തിലെ പുതിയ നേട്ടം ആരാധകരുാമായി പങ്കുവച്ച് പേളിയും ശ്രീനിഷും

പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെയും മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥികളായെത്തിയത് മുതല്‍ അവരെ അടുത്തറിയാം മലയാളികള്‍ക്ക്. ഇന്ന് മലയാളികള്‍ ഏറ്റവുമധികം കാണുന്ന യുട്യൂബ് ചാനലുകളില്‍ ഒന്നും പേളി മാറിയുടേതാണ്. സെലിബ്രിറ്റി അഭിമുഖങ്ങള്‍ക്കൊപ്പം തന്‍റെ വ്യക്തിപരമായ വിശേഷങ്ങളും പേളി സ്വന്തം ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഏറെ നാളത്തെ ആഗ്രഹങ്ങളിലൊന്ന് യാഥാര്‍ഥ്യമാവുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് അവര്‍. യുട്യൂബ് ചാനലിലൂടെത്തന്നെയാണ് പേളി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുബൈയില്‍ സ്വന്തമായി ഒരു ഫ്ലാറ്റ് എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുകയാണ് അവര്‍. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ദുബൈ സൗത്തിലാണ് ഇവര്‍ ഫ്ലാറ്റ് വാങ്ങുന്നത്. 2 ബിഎച്ച്കെ അപ്പാര്ട്ട്മെന്റിന് വില ഇന്ത്യന്‍ രൂപയില്‍ 3.18 കോടിയാണ്. ഒരു ഇന്‍വെസ്റ്റ്മെന്‍റ് എന്ന നിലയില്‍ക്കൂടിയാണ് തങ്ങള്‍ ഇതിനെ കാണുന്നതെന്നും എപ്പോഴും മൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന നിക്ഷേപമാണ് ഇതെന്നും പേളി പറയുന്നു. 2028 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി താക്കോല്‍ കൈമാറുന്ന പ്രോജക്റ്റിലാണ് പേളിയും കുടുംബവും പണം മുടക്കിയിരിക്കുന്നത്.

യുഎഇയില്‍ അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കാന്‍ എന്തുകൊണ്ട് ദുബൈ സൗത്ത് തെരഞ്ഞെടുത്തുവെന്നും പേളി വ്യക്തമാക്കുന്നുണ്ട്. ദുബൈ സൗത്തിന്‍റെ വളര്‍ച്ചയുടെ അനന്തസാധ്യതകളാണ് തങ്ങളെ ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്ന് പേളി പറയുന്നു- “ദുബൈയുടെ വളർച്ച ശ്രദ്ധിച്ചാൽ അത് വടക്ക് നിന്ന് ആരംഭിച്ച് തെക്ക് ഭാഗത്തേക്ക് പോകുന്നതാണെന്ന് മനസിലാവും. ആ പ്രദേശം ആയിരിക്കും ഭാവി. അവിടെ വിമാനത്താവളം വരികയാണ്. അൽ മഖ്തൂം എയർപോർട്ട് 2032 ഒക്കെ ആവുമ്പോൾ പൂർത്തിയാവും എന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായിരിക്കും അതെന്നാണ് യുഎഇ സർക്കാർ പറയുന്നത്. നിലവിലെ എയർപോർട്ട് അതോടെ അവിടേയ്ക്ക് മാറും. 260 മില്യൺ യാത്രക്കാർ ആയിരിക്കും ആ വിമാനത്താവളം പ്രതിവർഷം ഉപയോഗിക്കുക”, പേളി പറയുന്നു.

ഏതൊരു മലയാളിയുടെയും സ്വപ്നം ആയിരിക്കും ഇതെന്നും തങ്ങളെ സംബന്ധിച്ചും അത് അങ്ങനെ ആയിരുന്നുവെന്നും പേളി പറയുന്നു- “ഇതൊരു സ്‌പെഷ്യൽ വ്‌ളോഗാണ്. ജീവിതത്തിൽ എന്ത് സംഭവിച്ചാലും ഞങ്ങൾ ആദ്യം പറയുന്നത് നിങ്ങളോടാണ്. ഞാനും ശ്രീനിയും പുതിയൊരു തുടക്കത്തിനായി പോവുകയാണ്. കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഞങ്ങളൊന്നിച്ച് ഒത്തിരി യാത്രകൾ പോയി. മനോഹരമായ ഓർമകളുമായാണ് തിരിച്ചെത്താറുള്ളത്. അഭിപ്രായവ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും ചില കാര്യങ്ങളിൽ ഞങ്ങൾ രണ്ടുപേരുടെ മനസും ഒന്നാണ്. ഞങ്ങൾ ഞങ്ങളുടെ സ്വപ്‌നത്തിനു പിന്നാലെ പോയി അത് നേടിയെടുക്കുന്ന ദിവസമാണ്. മലയാളികൾക്ക് ദുബൈ എന്ന് പറയുന്നതൊരു വികാരം മാത്രമല്ല സെക്കൻഡ് ഹോം കൂടിയാണ്. നമുക്ക് അവിടെയൊരു സ്ഥലം ഉണ്ടായെങ്കിൽ എന്ന് ഞാൻ ശ്രീനിയോട് ചോദിച്ചിരുന്നു. അതൊരു സ്വപ്‌നമായി കൊണ്ടുനടക്കുകയായിരുന്നു. സ്വപ്നങ്ങൾ യാദൃശ്ചികമായി യാഥാർഥ്യമാവുന്നതല്ല. മറിച്ച് നിങ്ങൾ അവയെ പിന്തുടരുന്നതുകൊണ്ട് സംഭവിക്കുന്നതാണ്. ഇത് വലിയൊരു നേട്ടം പോലെയാണ് ഞങ്ങൾക്ക് തോന്നുന്നത്”, പേളി പറഞ്ഞവസാനിപ്പിക്കുന്നു. ഫ്ലാറ്റിന്‍റെ നിര്‍മ്മാണം ആരംഭിക്കാന്‍ തുടങ്ങുന്ന സ്ഥലത്തെത്തിയാണ് പേളി വീഡിയോ ചെയ്തിരിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming