
നല്ല സിനിമ ചെയ്യാൻ പറ്റിയ സന്തോഷത്തിലാണ് താനെന്ന് നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു നടൻ. പ്രേക്ഷകർക്ക് നൂറ് ശതമാനവും സിനിമ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണെന്നും അത്രയും ആത്മവിശ്വാസത്തോടെ പറയുകയാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദ ശ്രീപഥ് എന്നിവരുടെ അഭിനയം പ്രശംസയർഹിക്കുന്നുവെന്നും അത് കാണേണ്ടതാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഈ കുട്ടികളിൽ ആർക്കെങ്കിലും നാഷണൽ അവാർഡ് അല്ലെങ്കിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടുമെന്നും അത്രയും നന്നായാണ് അവർ അഭിനയിച്ചതെന്നും ഉണ്ണി വ്യക്തമാക്കുന്നു.
'എന്നെ ഞാൻ ആക്കിയത് കുടുംബ പ്രേക്ഷകരാണ്, പ്രേക്ഷകരാണ്. അവരെ തൃപ്തിപ്പെടുത്താൻ ഏത് തരം സിനിമ ചെയ്യണമെന്നത് എപ്പോഴും ആലോചിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്. മാളികപ്പുറം പക്കാ ഫാമില എന്റർടെയ്നർ സിനിമയാണ്. എന്റെ കരിയർ ബെസ്റ്റ് വരാൻ പോകുന്നതെ ഉള്ളൂ. പക്ഷേ എന്റെ സിനിമകളിൽ ബെസ്റ്റ് സിനിമയാണിത്. മേപ്പടിയാനെക്കാൾ മൂന്നിരട്ടി മുകളിൽ പോകാൻ സാധ്യതയുണ്ട് ഈ സിനിമ. ഒത്തിരി സന്തോഷം' എന്നും ഉണ്ണി പറയുന്നു.
"സിനിമ കണ്ടു പ്രതികരണം അറിയിച്ച എല്ലാ കൂട്ടുകാർക്കും പ്രിയപ്പെട്ട കുടുംബപ്രേക്ഷകർക്കും എന്റെ സ്നേഹം ! ഒരുപാട് നന്ദി!!"എന്ന് സോഷ്യല്‍ മീഡിയയിലും ഉണ്ണി മുകുന്ദന്‍ കുറിച്ചു. അതേസമയം, മാളികപ്പുറത്തിന് മികച്ച പ്രതികരണമാണ് ആദ്യ ഷോ മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. സമീപകാല മലയാള സിനിമയില്‍ പറയുന്ന വിഷയത്തിലും അവതരണത്തിലും വേറിട്ട വഴിയേ സഞ്ചരിക്കുന്ന ചിത്രമാണ് മാളികപ്പുറമെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.
'മാളികപ്പുറം' പതിനെട്ടാം പടി കയറുമ്പോൾ കണ്ണ് നിറയും: പ്രശംസിച്ച് സന്ദീപ് വാര്യർ
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.