രണ്ടാം വാരം ഒടിടി റിലീസ്; 'വാങ്ക്' ഇനി നീസ്ട്രീമില്‍

By Web TeamFirst Published Feb 5, 2021, 12:48 AM IST
Highlights

അനശ്വര രാജനെ നായികയാക്കി നവാഗതയായ കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്' എന്ന ചിത്രമാണ് തിയറ്റര്‍ റിലീസിന്‍റെ എട്ടാം ദിനത്തില്‍ ഒടിടി റിലീസ് ചെയ്യപ്പെടുന്നത്

ലോക്ക് ഡൗണ്‍ കാലത്ത് വിനോദ വ്യവസായ മേഖലയില്‍ ലോകമാകമാനം നേട്ടമുണ്ടാക്കിയ വിഭാഗമാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍. മാസങ്ങളോളം തിയറ്ററുകള്‍ അടഞ്ഞുകിടന്ന സാഹചര്യത്തില്‍ മലയാളത്തിലുള്‍പ്പെടെ ഡയറക്ട് ഒടിടി റിലീസ് ചിത്രങ്ങളും ഉണ്ടായി. ഇനി തിയറ്ററുകളില്‍ റിലീസ് ചെയ്താല്‍ തന്നെ ഒടിടി റിലീസിലേക്കുള്ള ദൈര്‍ഘ്യവും കുറഞ്ഞു. ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കിയ വിജയ് ചിത്രം 'മാസ്റ്റര്‍' തിയറ്റര്‍ റിലീസിന്‍റെ 17-ാം ദിനത്തിലാണ് ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസ് ആയി എത്തിയത്. ഇപ്പോഴിതാ തിയറ്ററില്‍ ഒരു വാരം പിന്നിടുമ്പോള്‍ത്തന്നെ ഒടിടി റിലീസ് ആയി എത്തുകയാണ് ഒരു മലയാളചിത്രം.

അനശ്വര രാജനെ നായികയാക്കി നവാഗതയായ കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്' എന്ന ചിത്രമാണ് തിയറ്റര്‍ റിലീസിന്‍റെ എട്ടാം ദിനത്തില്‍ ഒടിടി റിലീസ് ചെയ്യപ്പെടുന്നത്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' റിലീസിലൂടെ ലോഞ്ച് ചെയ്ത ഒടിടി പ്ലാറ്റ്ഫോം നീസ്ട്രീമിലൂടെയാണ് ചിത്രം ഇന്ന് എത്തുക. 

 

ദീര്‍ഘകാല ഇടവേളയ്ക്കുശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യ റിലീസ് ആയെത്തിയ തമിഴ് ചിത്രം 'മാസ്റ്ററി'ന് കേരളത്തിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ അത് തുടരാന്‍ കഴിയുന്ന തരത്തിലുള്ള വലിയ ചിത്രങ്ങള്‍ പിന്നീട് എത്തിയിട്ടില്ല. ജയസൂര്യയുടെ പ്രജേഷ് സെന്‍ ചിത്രം വെള്ളം, ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും അഭിനയിച്ച ഖാലിദ് റഹ്മാന്‍ ചിത്രം ലവ്, വാങ്ക് എന്നിവയാണ് പിന്നീടെത്തിയ മലയാള സിനിമകള്‍. സോഷ്യല്‍ മീഡിയയിലടക്കം മികച്ച അഭിപ്രായം നേടിയിട്ടും ഈ ചിത്രങ്ങള്‍ കാണാനായി തിയറ്ററുകളിലേക്ക് പ്രേക്ഷകരുടെ തള്ളിക്കയറ്റം ഉണ്ടായില്ല. മമ്മൂട്ടി ചിത്രം 'പ്രീസ്റ്റ്' ആണ് ഇനി തിയറ്റര്‍ ഉടമകള്‍ ഉറ്റുനോക്കുന്ന ചിത്രം. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് ഒരു മാസത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്. മാര്‍ച്ച് 4 ആണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റിലീസ് തീയതി. 

കാവ്യ പ്രകാശ് സംവിധാനം ചെയ്ത 'വാങ്കി'ന് ആസ്പദമായിരിക്കുന്നത് ഉണ്ണി ആറിന്‍റെ കഥയാണ്. ശബ്ന മുഹമ്മദ് ആണ് തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. അനശ്വര രാജൻ നായികയാവുന്ന ചിത്രത്തില്‍ നന്ദന വര്‍മ്മ, ഗോപിക, വിനീത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പി എസ് റഫീഖിന്‍റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. 7 ജെ ഫിലിംസിന്‍റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

click me!