'വരനെ ആവശ്യമുണ്ട്' തെലുങ്കില്‍ 'പരിണയം'; അഹ വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക്: ട്രെയ്‍ലര്‍

By Web TeamFirst Published Sep 24, 2021, 1:05 PM IST
Highlights

തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‍സിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‍ഫോം ആണ് അഹ വീഡിയോ

ഒടിടി (OTT) പ്ലാറ്റ്‍ഫോമുകളുടെ കടന്നുവരവോടെ ഭാഷാ അതിര്‍ത്തികള്‍ക്കപ്പുറത്ത് മലയാളസിനിമയ്ക്ക് പ്രേക്ഷകര്‍ കൂടിയിട്ടുണ്ട്. പ്രൈം വീഡിയോയിലും (Amazon Prime Video) നെറ്റ്ഫ്ലിക്സിലുമൊക്കെ (Netflix) ഇംഗ്ലീഷ് സബ് ടൈറ്റിലുകളാണ് ഭാഷാ തടസ്സമില്ലാതെ ചിത്രം ആസ്വദിക്കാന്‍ മറ്റു പ്രദേശങ്ങളിലുള്ളവരെ സഹായിക്കുന്നത്. അതേസമയം മലയാളസിനിമകളുടെ (Malayalam Movies) മറുഭാഷാ ഡബ്ബിംഗ് പതിപ്പുകള്‍ക്ക് ഇപ്പോഴും പ്രിയമുണ്ട്. ഹിന്ദിയിലും തെലുങ്കിലുമാണ് ഇവയ്ക്ക് ഏറ്റവുമധികം പ്രേക്ഷകര്‍. മലയാള സിനിമകളുടെ ഹിന്ദി ഡബ്ബിംഗ് പതിപ്പുകള്‍ മിക്കവാറും യുട്യൂബിലാണ് റിലീസ് ചെയ്യാറെങ്കില്‍ തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ ഒരു ഒടിടി പ്ലാറ്റ്ഫോമിലൂടെത്തന്നെയാണ് എത്താറ്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‍സിന്‍റെ ഉടമസ്ഥതയിലുള്ള അഹ വീഡിയോയിലൂടെയാണ് (Aha Video) ഇത്തരം ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ പുതിയൊരു റിലീസും അഹ വീഡിയോയിലൂടെ എത്തിയിരിക്കുകയാണ്.

സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്‍ത 'വരനെ ആവശ്യമുണ്ട്' (Varane Avashyamund) എന്ന ചിത്രത്തിന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പാണ് അഹ വീഡിയോയിലൂടെ എത്തിയിരിക്കുന്നത്. 'പരിണയം' (Parinayam) എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. നിരവധി പ്രത്യേകതകളോടെ എത്തിയ 'വരനെ ആവശ്യമുണ്ട്' 2020 ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യപ്പെട്ട ചിത്രമാണ്. സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍റെ സംവിധായക അരങ്ങേറ്റചിത്രമായിരുന്നു ഇത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ സ്ക്രീനിലേക്ക് സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ്, കല്യാണി പ്രിയദര്‍ശന്‍റെ ആദ്യ മലയാളചിത്രം, ദുല്‍ഖറിന്‍റെ നിര്‍മ്മാണക്കമ്പനി വേഫെയറര്‍ ഫിലിംസിന്‍റേതായി ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം തുടങ്ങിയ പ്രത്യേകതകളൊക്കെയുണ്ടായിരുന്നു ഈ സിനിമയ്ക്ക്.

തീയേറ്ററുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റിട്ട. മേജര്‍ ഉണ്ണികൃഷ്‍ണന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിച്ചത്. മകള്‍ക്കൊപ്പം ചെന്നൈയില്‍ താമസിക്കുന്ന നീന എന്ന കഥാപാത്രമായാണ് ശോഭന എത്തിയത്. ശോഭനയുടെ മകളായി കല്യാണിയും. തിയറ്റര്‍ റിലീസിനു പിന്നാലെ നെറ്റ്ഫ്ളിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.

click me!