വാരിസിന് കര്‍ണാടകത്തില്‍ പണി കിട്ടിയോ?; കാരണം രശ്മികയോ.!

By Web TeamFirst Published Jan 14, 2023, 5:00 PM IST
Highlights

നേരത്തെ പുഷ്പ അടക്കം ചിത്രങ്ങളിലൂടെ പ്രശസ്തയായ രശ്മിക. കാന്താരയുടെ സംവിധായകനും, പ്രധാന നടനുമായ ഋഷഭ് ഷെട്ടിയുടെ പ്രൊഡക്ഷന്‍ ഹൌസിനെതിരെ നടത്തിയ ട്വീറ്റ് വിവാദമായിരുന്നു.

ബെംഗലൂരു: വിജയ് നായകനായ വാരിസ് ജനുവരി 11 നാണ് റിലീസ് ചെയ്തത്. വിജയിയുടെ നായികയായി രശ്മിക മന്ദനയാണ് ചിത്രത്തില്‍ എത്തുന്നത്. മികച്ച ഓപ്പണിംഗ് നേടിയ ചിത്രം എന്നാല്‍ കര്‍ണാടകയില്‍ അത്ര കാര്യമായ ചലനം ബോക്സ്ഓഫീസില്‍ ഉണ്ടാക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസ് 18 വാര്‍ത്ത പ്രകാരം വാരിസിന്‍റെ 291 ഷോകള്‍ കര്‍ണാടകത്തില്‍ വെട്ടിക്കുറച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ ഇത് വിജയ് ചിത്രത്തിന്‍റെ അണിയറക്കാരോടുള്ള പ്രശ്നം അല്ലെന്നും ചിത്രത്തിലെ നായിക രശ്മികയോടുള്ള പ്രശ്നമാണ് എന്നുമാണ് വിവരം.

നേരത്തെ പുഷ്പ അടക്കം ചിത്രങ്ങളിലൂടെ പ്രശസ്തയായ രശ്മിക. കാന്താരയുടെ സംവിധായകനും, പ്രധാന നടനുമായ ഋഷഭ് ഷെട്ടിയുടെ പ്രൊഡക്ഷന്‍ ഹൌസിനെതിരെ നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെ കാന്താര സംബന്ധിച്ച് നടി നടത്തിയ പരാമര്‍ശവും ഏറെ വിവാദമായി. എന്നാല്‍ കാന്താര വിവാദം പിന്നീട് തണുത്തെങ്കിലും രശ്മികയ്ക്ക് കന്നട സിനിമ ലോകത്ത് അപ്രഖ്യാപിത വിലക്കുണ്ടെന്ന അഭ്യൂഹം ശക്തമാണ്.

ഇത് തന്നെയാണ് വാരിസിനും സംഭവിച്ചത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ കര്‍ണാടകത്തിലെ തീയറ്റര്‍ ഉടമകളോ വിതരണക്കാരോ ഇത് പരസ്യമായി പറഞ്ഞിട്ടില്ല. നേരത്തെയും രശ്മികയ്ക്ക് വിലക്ക് എന്ന വാര്‍ത്തയോട് കന്നട സിനിമ ലോകം പ്രതികരിച്ചിട്ടില്ല. ഇപ്പോള്‍ ഹിന്ദിയില്‍ സജീവമായ രശ്മിക ഗുഡ് ബൈ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. അടുത്തതായി മിഷന്‍ മജ്നു എന്ന ചിത്രമാണ് ഇറങ്ങാനുള്ളത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനായ ഈ ചിത്രം നെറ്റ്ഫ്ലിക്സില്‍ ഒടിടി റിലീസാണ്. 

അതേ സമയം വിജയ് നായകനായ ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് വാരിസ്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 

മൂന്ന് ദിനം കഴിഞ്ഞപ്പോള്‍ തുനിവോ, വാരിസോ; ബോക്സ്ഓഫീസ് കണക്കുകള്‍ പുറത്ത്.!

'ഹിന്ദി മേഖലയില്‍ ബഹുമാനം കിട്ടാന്‍ ഇങ്ങനെയും പറയണം': അനുഭവം പങ്കുവച്ച് വിജയ് സേതുപതി

click me!