മുതിര്‍ന്ന ബോളിവുഡ് നടന്‍ ജഗ്‍ദീപ് അന്തരിച്ചു

By Web TeamFirst Published Jul 8, 2020, 11:53 PM IST
Highlights

സയിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ജഗ്‍ദീപിന്‍റെ യഥാര്‍ഥ പേര്. ഒന്‍പതാം വയസ്സില്‍ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനായുള്ള അന്വേഷണത്തിനിടെയാണ് അദ്ദേഹം ഒരു ബാലനടനായി സ്ക്രീനില്‍ അരങ്ങേറുന്നത്. 

മുംബൈ: മുതിര്‍ന്ന ബോളിവുഡ് അഭിനേതാവ് ജഗ്‍ദീപ് (81) അന്തരിച്ചു. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ രാത്രി 8.30നായിരുന്നു അന്ത്യം. നടന്‍ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേദ് ജഫ്രിയും മക്കളാണ്.

സയിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ജഗ്‍ദീപിന്‍റെ യഥാര്‍ഥ പേര്. ഒന്‍പതാം വയസ്സില്‍ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനായുള്ള അന്വേഷണത്തിനിടെയാണ് അദ്ദേഹം ഒരു ബാലനടനായി സ്ക്രീനില്‍ അരങ്ങേറുന്നത്. ബി ആര്‍ ചോപ്രയുടെ അഫ്‍സാന ആയിരുന്നു ആ ചിത്രം. അത് ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങള്‍ ജഗ്‍ദീപിനെ അന്വേഷിച്ചെത്തി. 

അബ് ദില്ലി ദൂര്‍ നഹി, കെ എ അബ്ബാസിന്‍റെ മുന്ന, ഗുരു ദത്തിന്‍റെ ആര്‍ പാര്‍, ബിമല്‍ റോയ്‍യുടെ ദൊ ബീഗ സമീന്‍ തുടങ്ങി നാനൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. ഏറ്റവും ശ്രദ്ധേയം ഷോലെയിലെ കഥാപാത്രമായിരുന്നു. അഞ്ച് സിനിമകളില്‍ നായകനായും അഭിനയിച്ചിട്ടുണ്ട്. റൂമി ജഫ്രിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ഗലി ഗലി ചോര്‍ ഹൈ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ഐഫയുടെ ലൈഫ് ടൈം അച്ചീവ്‍മെന്‍റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അജയ് ദേവ്‍ഗണും ഹന്‍സാല്‍ മെഹ്‍തയും ഉള്‍പ്പെടെ ബോളിവുഡിലെ നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്.

click me!