
പനാജി: തെലുങ്ക് ചിത്രം ‘അർജുൻ റെഡ്ഡി’യെക്കുറിച്ച് നടി പാർവ്വതി തിരുവോത്ത് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ വിജയ് ദേവരകൊണ്ട. തന്റെ ചെലവിൽ ചിലർ പ്രശസ്തി നേടുകയാണെന്ന് താരം തുറന്നടിച്ചു. ഗോവയിൽ വച്ച് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ മുഖാമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ വളരെ അസ്വസ്ഥനാണ്. അതെനിക്ക് മനസ്സിൽ കൊണ്ടു നടക്കേണ്ടകാനാകുന്നില്ല. മനസ്സിൽ വച്ചിരുന്നാൽ അതൊരു ട്യൂമർ പോലെ എന്റെ ഉള്ളിൽ വളരും. കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള ഒരാളാണ് ഞാൻ. ആളുകൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാറുണ്ട്. ആ ചോദ്യങ്ങൾക്ക് പിന്നിലെ ആകുലതയും ഉദ്ദേശ്യവും എനിക്കറിയാം. എന്നാൽ, എന്താണ് സംസാരിക്കുന്നതെന്ന് പോലും അറിയാതെയാണ് സമൂഹമാധ്യമങ്ങളിൽ ചിലയാളുകൾ സംസാരിക്കുന്നത്.
പാര്‍വതിയെ എനിക്ക് ഇഷ്ടമാണ്. അവരെ ആരാധിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്നെ അലോസരപ്പെടുത്തുന്നു. എന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ആളുകള്‍ ആഘോഷിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അതാണെന്റെ പ്രശ്നം. ചിത്രത്തെക്കുറിച്ചോ അഭിമുഖത്തെക്കുറിച്ചോ നിങ്ങളെന്ത് ചിന്തിക്കുന്നുവെന്നതിനെ കുറിച്ച് ഞാൻ കാര്യമാക്കുന്നില്ല. അവരെന്താണ് സംസാരിക്കുന്നത് എന്ന് പോലും അവര്‍ക്കറിഞ്ഞുകൂടായെന്നും വിജയ് പറഞ്ഞു.
അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നും റിലേഷൻഷിപ്പിലെ വയലൻസിനെ മഹത്വവൽക്കരിക്കുകയാണെന്നായിരുന്നു പാർവതിയുടെ അഭിപ്രായം. സിനിമയ്ക്ക് ആളുകളെ സ്വാധീനിക്കാനുള്ള കഴിവുണ്ടെന്നും അതിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും പാർവതി പറഞ്ഞു. ജോക്കര്‍ എന്ന ഹോളിവുഡ് സിനിമയെയും അര്‍ജുന്‍ റെഡ്ഢിയെയും താരതമ്യപ്പെടുത്തിയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം.
ഒരു സിനിമ സ്ത്രീ വിരുദ്ധമായിരിക്കണോ അക്രമത്തെ പ്രോത്സാഹിപ്പിക്കണോ എന്ന കാര്യം തീർത്തും സംവിധായകന്റേയും എഴുത്തുകാരന്റേയും തീരുമാനമാണ്. എന്നാൽ അതിന്റെ ഭാഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്കുണ്ടെന്നും അഭിനേതാക്കൾക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്ന് താൻ വിശ്വസിക്കുന്നുണ്ടെന്നും പാർവ്വതി കൂട്ടിച്ചേർത്തു. ഫിലിം കമ്പാനിയനിലെ ടോക്ക് ഷോയിലായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. പാര്‍വതിയ്ക്കും വിജയ്ക്കും പുറമെ ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, വിജയ് സേതുപതി, ആയുഷ്മാന്‍ ഖുരാന, മനോജ് വാജ്‌പേയി എന്നിവരും ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു.
അതേസമയം, ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് വിജയ് ദേവരകൊണ്ട വ്യക്തമാക്കി. സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്ക് ചെയ്യാനിഷ്ടമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ താൻ പരിഗണിക്കുകയെന്നും വിജയ് പറഞ്ഞു.
ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്നത് കുടുംബവും, രക്ഷിതാക്കളും, അധ്യാപകരും സുഹൃത്തുക്കളും, സമൂഹവുമൊക്കെയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും റൗണ്ട് ടേബിളിൽ പങ്കെടുത്തുകൊണ്ട് വിജയ് ദേവരകൊണ്ട വ്യക്തമാക്കി. ഒരു നടൻ എന്ന നിലയിൽ ഒരു കഥാപാത്രം ഇഷ്ടപ്പെട്ടാൽ അത് ചെയ്യാനുള്ള കാരണങ്ങൾ താൻ തന്നോട് തന്നെ ന്യായീകരിക്കുമെന്നും താരം പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ