സ്ത്രീവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന സിനിമകളില്‍ അഭിനയിക്കില്ലെന്ന തന്റെ നിലപാടിനെ വിശദീകരിച്ച് പാര്‍വ്വതി. അര്‍ജുന്‍ റെഡ്ഡി പോലെയൊരു സിനിമ എങ്ങനെയാണ് സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് ദേവരകൊണ്ടയെ മുന്നിലിരുത്തി പാര്‍വ്വതി വിശദീകരിച്ചു. നായകന് നെഗറ്റീവ് ഷെയ്ഡുകളുള്ള ഹോളിവുഡ് ചിത്രം 'ജോക്കറു'മായി താരതമ്യപ്പെടുത്തിയാണ് പാര്‍വ്വതി സിനിമകളിലെ 'ഗ്ലോറിഫിക്കേഷനെ'ക്കുറിച്ച് സംസാരിച്ചത്. പല ഭാഷകളിലെ പ്രധാന യുവതലമുറ അഭിനേതാക്കള്‍ ഉള്‍പ്പെട്ട ഫിലിം കമ്പാനിയന്റെ ചര്‍ച്ചയിലാണ് പാര്‍വ്വതിയുടെ അഭിപ്രായ പ്രകടനം. പാര്‍വ്വതിക്കും വിജയ് ദേവരകൊണ്ടയ്ക്കുമൊപ്പം വിജയ് സേതുപതി, മനോജ് ബാജ്‌പേയി, ദീപിക പദുകോണ്‍, അലിയ ഭട്ട്, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ സിഗ് എന്നിവരും പങ്കെടുത്തു ചര്‍ച്ചയില്‍, അനുപമ ചോപ്രയായിരുന്നു അവതാരക.

അര്‍ജുന്‍ റെഡ്ഡിയിലോ കബീര്‍ സിംഗിലോ ഉള്ള വിഷ്വല്‍ ഗ്ലോറിഫിക്കേഷന്‍ 'ജോക്കറി'ല്‍ ഇല്ലെന്ന് പാര്‍വ്വതി പറയുന്നു. 'ജോക്കര്‍ വസ്തുത നമ്മളെ കാണിക്കുക മാത്രമാണ് ചെയ്യുന്നത്. ജോക്കര്‍ കണ്ടിരിക്കുമ്പോള്‍ നായകന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നുകരുതാനോ അയാള്‍ക്ക് കൈയടിക്കാനോ എനിക്ക് തോന്നിയില്ല. ആ കഥാപാത്രം എല്ലാവരെയും കൊല്ലണമെന്നും എനിക്ക് തോന്നിയില്ല. എനിക്ക് ആ കഥാപാത്രത്തെ മനസിലായി. അയാള്‍ക്കൊപ്പമായിരിക്കാം ഒരുപക്ഷേ ഞാന്‍. ആ ദുരന്തകഥ അവിടെ നമുക്ക് ഉപേക്ഷിക്കാന്‍ പറ്റും. അതിലുള്ളത് പിന്തുടരാന്‍ നമ്മെ പ്രചോദിപ്പിക്കുന്നില്ല ജോക്കര്‍', പാര്‍വ്വതി പറഞ്ഞു.

'പരസ്പരം അടിക്കുന്നില്ലെങ്കില്‍ റിലേഷന്‍ഷിപ്പുകളില്‍ പാഷനില്ലെന്ന് പറയുകയാണെങ്കില്‍.. (അര്‍ജുന്‍ റെഡ്ഡിയെ ഉദ്ദേശിച്ച്) ആ വീഡിയോയ്ക്ക് താഴെ യുട്യൂബിലുള്ള കമന്റുകള്‍ ഞാന്‍ നോക്കി. ആളുകള്‍ അതിനോട് പ്രതികരിക്കുന്ന രീതി കാണുമ്പോള്‍.. ഒരു തെറ്റായ കാര്യവുമായി ഒരു വലിയ കൂട്ടം ബന്ധപ്പെടുമ്പോള്‍.. വയലന്‍സിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍, അത് ശരിയാണോ എന്നെനിക്ക് സംശയമുണ്ട്. ഇതിനെ എങ്ങനെ പരിഹരിക്കാനാവുമെന്ന് എനിക്ക് അറിയില്ല. ഒരു ആക്ടര്‍ എന്ന നിലയില്‍ ഒരു സംവിധായകനെ അതില്‍നിന്ന് തടയാന്‍ എനിക്കാവില്ല. പക്ഷേ ആ സിനിമയുടെ ഭാഗമാവേണ്ട എന്നെനിക്ക് തീരുമാനിക്കാനാവും', പാര്‍വ്വതി പറഞ്ഞവസാനിപ്പിക്കുന്നു.