Latest Videos

വിജയ് എംജിആറിൻ്റെ പിൻഗാമി, രാഷ്ട്രീയപ്രവേശനം ഉടനെ വേണം; തമിഴ്നാട്ടിലുടനീളം പോസ്റ്റർ പതിച്ച് ആരാധകർ

By Web TeamFirst Published Sep 4, 2020, 1:49 PM IST
Highlights

ബിജെപിക്കും അണ്ണാഡിഎംകെയ്ക്കും എതിരായ താരത്തിൻ്റെ പ്രസ്താവനകൾ ഉയർത്തി കാട്ടിയാണ് പ്രചാരണം. 
 

ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വിജയിയുടെ രാഷ്ട്രീയ പ്രവേശന സാധ്യതകൾ സജീവ ചർച്ചയാകുന്നു. വിജയ് എംജിആറിൻ്റെ പിൻഗാമിയെന്നും ഉടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലുടനീളം ആരാധകർ പോസ്റ്റർ പതിപ്പിച്ചു. ഇതിനിടെ ഡിഎംകെയുടെ പുതിയ ഭാരവാഹികൾക്ക് ആശംസ അറിയിച്ച് നടൻ രജനീകാന്ത് രംഗത്തെത്തിയത് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

തമിഴ്നാടിൻ്റെ നന്മക്കായി ഉടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് ആരാധകരുടെ പോസ്റ്റർ. എംജിആറിൻ്റെ യഥാർത്ഥ പിൻഗാമിയെന്ന തലക്കെട്ടോടെ എംജിആർ കഥാപാത്രങ്ങളായി ചിത്രീകരിച്ചാണ് പോസ്റ്റർ. കാഞ്ചീപുരം, മധുര, സേലം, രാമനാഥപുരം ഉൾപ്പടെ വിവിധ ഇടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. വിജയ് എംജിആറായും ഭാര്യ സംഗീതയെ ജയലളിതയായും ചിത്രീകരിച്ച് ആഴ്ചകൾക്ക് മുമ്പ് ആരാധകർ പോസ്റ്റർ പതിച്ചിരുന്നു. വിജയ് യുടെ രാഷ്ട്രീയ പ്രവേശനം ഉടൻ എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിലും ചർച്ചകൾ സജീവമാണ്. ആദായനികുതി റെയ്ഡും, ബിജെപിക്കും അണ്ണാഡിഎംകെയ്ക്കും എതിരായ താരത്തിൻ്റെ പ്രസ്താവനകൾ ഉയർത്തി കാട്ടിയാണ് പ്രചാരണം. 

കമൽഹാസനൊപ്പമുള്ള സഖ്യനീക്കങ്ങൾക്കിടെ ദുരൈമുരുകൻ ഉൾപ്പടെ ഡിഎംകെയുടെ പുതിയ ഭാരവാഹികൾക്ക് ആംശസയുമായി രജനീകാന്ത് രംഗത്തെത്തിയതും അഭ്യൂഹങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. രജനികാന്തിൻ്റെ രാഷ്ട്രീയ ഉപദേശകരുമായി ഡിഎംകെ നേതൃത്വം ചർച്ച നടത്തിയെന്ന അഭ്യൂഹവും ശക്തമായി. രജനിയെയും കമലിനെയും സഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്  രംഗത്തെത്തിയിരുന്നു.

ഇതിനിടെ വരുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ വിജയകാന്തിൻ്റെ ഡിഎംഡികെയുമായി ഡിഎംകെ നേതാക്കൾ കൂടിക്കാഴ്ച നടത്തി. സഖ്യത്തിലെ ഭിന്നത പരിഹരിക്കാൻ അണ്ണാഡിഎംകെ ശ്രമിക്കുന്നതിനിടയിലാണ് പുതിയ സഖ്യനീക്കങ്ങൾ ഡിഎംകെ സജീവമാക്കുന്നത്.

click me!