
ചെന്നൈ: തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ സുപ്രധാന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, കൂടാതെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന "ദളപതി കച്ചേരി" എന്ന പാട്ടിന്റെ ചില ഭാഗങ്ങൾ എന്നിവയാണ് ചോർന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യ ടുഡേ റിപ്പോർട്ട് അനുസരിച്ച്, സിനിമയുടെ എഡിറ്റിംഗ് ടേബിളിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. സിനിമയുടെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും സിനിമാ വ്യവസായത്തെ തകർക്കരുതെന്നും വിജയ് ആരാധകർ തന്നെ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
യഥാർത്ഥത്തിൽ 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. എന്നാൽ സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിൽ നേരിട്ട കാലതാമസം സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാക്കി. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് 2026 മെയ് അല്ലെങ്കിൽ ജൂൺ മാസത്തിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടയിലാണ് ആരാധകരെ നിരാശരാക്കുന്ന ഈ വാർത്ത പുറത്തുവന്നത്.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമായതിനാൽ വലിയ പ്രധാന്യമാണ് 'ജനനായകൻ' എന്ന സിനിമയ്ക്കുള്ളത്. മുൻ പൊലീസ് ഉദ്യോഗസ്ഥനും തടവുപുള്ളിയുമായ വെട്രി കൊണ്ടാൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. വിജി എന്ന പെൺകുട്ടിയെ ദത്തെടുത്ത് അവളെ ഒരു കരുത്തുറ്റ സ്ത്രീയായി വളർത്താൻ ശ്രമിക്കുന്ന വെട്രി കൊണ്ടാൻ, രാജ്യത്തിന് നേരെയുള്ള ഒരു വലിയ ഭീഷണിയെ നേരിടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി, സുനിൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ