മോഹന്‍ലാലുമായി സൗഹൃദം ഉള്ളതില്‍ അസൂയയുള്ള കുറച്ചു പേര്‍ കാണും. ലാലേട്ടനെ വച്ച് ജീവിക്കുന്ന ആളല്ല താനെന്നും മേജര്‍ രവി പറഞ്ഞു. 

ലയാള സിനിമയിൽ എമ്പുരാൻ പടവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വലിയ ചർച്ചയായി മാറിയിരുന്നു. മേജർ രവി രം​ഗത്ത് എത്തിയതും പിന്നാലെ മല്ലിക സുകുമാരൻ മറുപടി നൽകിയതും ഒടുവിൽ മോഹൻലാൽ മാപ്പ് പറഞ്ഞതുമടക്കം മലയാളികൾ കണ്ടതാണ്. ഇതോടെ മേജർ രവിയ്ക്ക് എതിരെ മോ​ഹൻലാൽ ആരാധകർ രം​ഗത്തെത്തി. പലപ്പോഴും മോജറുമായി ബന്ധപ്പെട്ട വാർത്തകളുടേയും വീഡിയോകളുടേയും താഴെ നെ​ഗറ്റീവ് കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. എമ്പുരാൻ ആന്‍റി നാഷണല്‍ ഫിലിം ആണെന്ന് പറഞ്ഞത് താനല്ലെന്നും പക്ഷേ പഴി മുഴുവൻ തനിക്കാണ് കിട്ടിയതെന്നും മേജർ രവി പറയുന്നു. മല്ലിക സുകുമാരനെ കാണാൻ മടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിഷയമാകും ലാലേട്ടന്‍ ആരാധകര്‍ക്ക് എന്നോടുള്ള കലിപ്പിന് കാരണം. നല്ല പടം ആണെന്ന് പറഞ്ഞ് തിയറ്ററില്‍ നിന്നും ഇറങ്ങിയ ആളാണ് ഞാന്‍. പിറ്റേ ദിവസം അത് ആന്‍റി നാഷണല്‍ ഫിലിം ആണെന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. അങ്ങനെ ഉണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ ഫുള്‍ പഴി എന്‍റെ മേൽക്ക് വന്നു. അപ്പോഴേക്കും മല്ലിക ചേച്ചി കറേ തെറി പറഞ്ഞു. മല്ലിക ചേച്ചിയുടേത് ഒരു അമ്മയുടെ വികാരം എന്ന് മാത്രമെ ഞാന്‍ പറയൂ. അതേ കുറിച്ച് മറന്നിട്ട് തിയറ്ററില്‍ നിന്നും ഇറങ്ങി പോന്ന ആളാണ് ഞാന്‍. മുസ്ലിംസ് ഹിന്ദു പണ്ഡിറ്റുകളെ കത്തിച്ചു കളഞ്ഞത് എന്തുകൊണ്ട് കാണിച്ചില്ല- അതിന്‍റെ മുകളിലാണ് ഈ പ്രശ്നങ്ങളൊക്കെ നടക്കുന്നത്", എന്ന് മേജർ രവി പറയുന്നു.

"പിന്നീട് ഞാന്‍ സംഘിയായി. സംഘി എന്നുള്ളതല്ല. അത് ജനം പറഞ്ഞതാണ്. ലാല്‍ സാറിന്‍റെ പടം ഡൗണ്‍ ആയെന്ന് ആരാധകര്‍ കരുതി. അത് ഡൗണ്‍ ആക്കിയത് ഞാന്‍ ഒന്നുമല്ല. എട്ട് ദിവസത്തെ ബുക്കിങ്ങിന് ശേഷം പടം ഡൗണ്‍ ആയെന്നുള്ളത് ശരിയാണ്. ഞാന്‍ എന്താ ലാല്‍ സാറിന്‍റെ ഫാന്‍ അല്ലേ? അവരെക്കാളും വലിയ ആരാധകനാണ് ഞാന്‍. ഇങ്ങനെയുള്ള കാര്യങ്ങളില്‍ കിടന്ന് വികാരഭരിതരാകുന്നവര്‍ മനസിലാക്കണം അദ്ദേഹത്തെ വച്ച് സിനിമ ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ബലിയാടാവുന്നത് ഞാന്‍ മാത്രം. മല്ലിക ചേച്ചി അടക്കം അത് ഉണ്ടാക്കിയത് ഞാന്‍ ആണെന്ന് വിചാരിച്ചു. ഞാനത് കണ്ണടച്ച് പോരാന്‍ നോക്കിയതാണ്. എമ്പുരാനെ സിനിമയായിട്ടാണ് ഞാന്‍ കണ്ടത്. സോഷ്യല്‍ മീഡിയയിൽ നിറഞ്ഞത് ഇതാണ്. ആരോ ചോദിച്ചപ്പോള്‍ ശരിയാണെന്നും ഞാന്‍ പറഞ്ഞു. അതുപിന്നെ ഞാന്‍ പറഞ്ഞെന്ന തരത്തിലായി", എന്നും സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

"അതിന് ശേഷം മല്ലിക ചേച്ചിയെ കണ്ടിട്ടേ ഇല്ല. ചേച്ചിയെ കാണാന്‍ എനിക്കൊരു ചമ്മല്‍. ഞാനല്ല, ചേച്ചിയാണ് എന്നെ തെറിവിളിച്ചിരിക്കുന്നത്. അതൊന്നും പ്രശ്നമില്ല. കണ്ടാല്‍ കെട്ടിപ്പിടിക്കും. എന്നെ അടിക്കാതിരുന്നാല്‍ മതി. ഉള്ള കാര്യം മുഖത്തടിച്ച് പറയുന്ന ആളാണ് ഞാന്‍. തെറ്റാണെങ്കില്‍ തെറ്റെന്ന് തന്നെ പറയും. പൃഥ്വിരാജിനെ കണ്ടിട്ടും ഇല്ല സംസാരിച്ചിട്ടും ഇല്ല. ലാലേട്ടന്‍റെ ആരാധകരാണോ എനിക്ക് ചെലവിന് തരുന്നത് ? അല്ലല്ലോ? സിനിമ ചെയ്തില്ലെങ്കിലും. സിനിമയും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ് വിറ്റിട്ട് ജീവിക്കേണ്ട ആവശ്യം എനിക്കില്ല. നിങ്ങൾ ബോയ്ക്കോട്ട് എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മേജര്‍ രവി നിങ്ങളുടെ അടുത്ത് വന്നിട്ട് അയ്യോ എനിക്ക് കാശില്ല വല്ലതും തരണേന്ന് പറയില്ല. എനിക്ക് നല്ലൊരു എമൗണ്ട് പെന്‍ഷന്‍ കിട്ടുന്നുണ്ട്. നല്ല വരുമാനവുമുണ്ട്. എന്‍റെ പേഴ്സണാലിറ്റി വേറെയാണ്. നിങ്ങളാരാണ് എന്നെ ബോയ്ക്കോട്ട് ചെയ്യാന്‍ ? മോഹന്‍ലാലുമായി സൗഹൃദം ഉള്ളതില്‍ അസൂയയുള്ള കുറച്ചു പേര്‍ കാണും. ലാലേട്ടനെ വച്ച് ജീവിക്കുന്ന ആളല്ല ഞാന്‍. അദ്ദേഹത്തിന് എന്തെങ്കിലും വന്നാല്‍ പ്രൊട്ടക്ഷന്‍ കൊടുക്കും", എന്നും മേജർ രവി വ്യക്തമാക്കി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming