
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോയാണ് മോഹൻലാൽ- ശ്രീനിവാസൻ(Mohanlal- sreenivasan) കൂട്ടിക്കെട്ട്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ ഇന്നും മലയാളത്തിന്റെ ഹിറ്റ് സിനിമകളാണ്. അക്കൂട്ടത്തിലെ പ്രധാന ചിത്രമാണ് നാടോടിക്കാറ്റ്. ചിത്രത്തിൽ ശ്രീനിവാസനും മോഹൻലാലും അവതരിപ്പിച്ച ദാസൻ, വിജയൻ എന്നീ കഥാപാത്രങ്ങൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിയുമ്പോൾ ജൂനിയർ ദാസനും വിജയനും വീണ്ടും ‘ദുബായ് കടപ്പുറത്ത്‘ എത്തിയിരിക്കുകയാണ്.
നാടോടിക്കാറ്റിൽ ഏറെ പ്രധാനപ്പെട്ടൊരു രംഗം ഷൂട്ട് ചെയ്തത് ബസന്ത് നഗർ ബീച്ചിൽ വച്ചായിരുന്നു. ഇവിടെ വച്ചെടുത്തൊരു ചിത്രമാണ് വിനീത് ശ്രീനിവാസൻ പങ്കുവച്ചിരിക്കുന്നത്. ഒപ്പം പ്രണവ് മോഹൻലാലും ഉണ്ട്. ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്നായിരുന്നു ചിത്രത്തോടൊപ്പം വിനീത് കുറിച്ചത്.
‘ഹൃദയം’ സിനിമയുടെ ഷൂട്ടിനിടെ എടുത്ത ചിത്രമാണിത്. പ്രണവും ചിത്രം പങ്കുവച്ചിട്ടുണ്ട്. 'ഹൃദയത്തിന് ലഭിക്കുന്ന നിറഞ്ഞ പ്രതികരണത്തിനും സ്നേഹത്തിനും എല്ലാവർക്കും നന്ദി. അനുഗ്രഹീതനായി തോന്നുന്നു', എന്നാണ് ചിത്രത്തോടൊപ്പം പ്രണവ് കുറിച്ചത്.
ചിത്രം പുറത്തുവന്നതിന് പിന്നാലെ സിനിമാ താരങ്ങൾ അടക്കം നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട് പ്രണവേ, പ്രണവ് എന്ന നടനും വിനീതെന്ന സംവിധായകനും .. ഹൃദയം,ദാസനും വിജയനും ലൈറ്റ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.
മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആഗ്രഹമെന്ന് വിനീത് ശ്രീനിവാസൻ ഒരിക്കൽ പറഞ്ഞിരുന്നു. 'അച്ഛനെയും ലാല്‍ അങ്കിളിനെയുംവച്ച് ഒരു സിനിമ ചെയ്യണമെന്നുള്ളത് എന്റെയും വലിയ ആഗ്രഹമാണ്. കുറച്ചു കാലമായി അതിന്റെ ആലോചനകള്‍ നടക്കുന്നുണ്ട്. മനസ്സില്‍ ഒരു കഥയുമുണ്ട്. ക്ലൈമാക്‌സും. പിന്നെ അവിടവിടെ കുറെ ഇന്‍സിഡന്റുകളും. അതുമാത്രം പോരല്ലോ? ഒരു കഥയെന്ന നിലയില്‍ അത് കൂടുതല്‍ പരുവപ്പെടേണ്ടതുണ്ട്. ആ സിനിമ എന്ന് സംഭവിക്കുമെന്നും നിശ്ചയമില്ല. എന്നാല്‍ ഇക്കാര്യം അച്ഛനോട് പറഞ്ഞിട്ടുണ്ട്. കഥയുടെ കാര്യമല്ല, രണ്ടുപേരെയും വച്ചൊരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹത്തെക്കുറിച്ചാണ് പറഞ്ഞത്. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങള്‍ അതിലുണ്ടാവും. കഥയിലേയ്ക്ക് പൂര്‍ണ്ണമായും ലാന്റ് ചെയ്യാതെ അതിനെക്കുറിച്ച് ഇനിയും കൂടുതല്‍ എന്തെങ്കിലും പറയാനാകില്ല.' എന്നായിരുന്നു വിനീത് ചിത്രത്തെ പറ്റി പറഞ്ഞിരുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ